ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് റേറ്റിംഗ് ഏജൻസികൾ
സാമ്പത്തിക രംഗം സുസ്ഥിരമെന്ന് മൂഡീസും ഇ.വൈയും
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ, വിസ യുദ്ധ ഭീഷണി മറികടന്ന് ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച വളർച്ചയിൽ തുടരുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസികൾ വ്യക്തമാക്കി. കയറ്റുമതിയിലുണ്ടാകുന്ന തിരിച്ചടി ആഭ്യന്തര ഉപഭോഗ വളർച്ചയിലൂടെ ഇന്ത്യ മറികടക്കുമെന്ന് പ്രമുഖ ഏജൻസികളായ മൂഡീസ്, ഇ.വൈ, എസ് ആൻഡ് പി എന്നിവ പറയുന്നു. പ്രാദേശിക, വിദേശ കറൻസി ഇഷ്യൂവർ വിഭാഗങ്ങളിൽ ഇന്ത്യയുടെ റേറ്റിംഗ് ബി.എ.എ.3 ആയി നിലനിറുത്തിയെന്ന് മൂഡീസ് ഇന്നലെ വ്യക്തമാക്കി. ഇതോടൊപ്പം ഇന്ത്യയുടെ റേറ്റിംഗ് അവലോകനം സുസ്ഥിരമാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. അതിവേഗം വളരുന്ന സാമ്പത്തിക മേഖലയും വിദേശ വിപണികളിലെ സുസ്ഥിര സാന്നിദ്ധ്യവും വിശ്വസനീയമായ ആഭ്യന്തര ഫണ്ടിംഗ് സ്രോതസുകളും ഇന്ത്യയുടെ വായ്പാശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയുടെ കരുത്തിൽ ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ അടക്കമുള്ള വിദേശ വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ ഇന്ത്യയ്ക്കാനാകും.
അമേരിക്കൻ കയറ്റുമതിയിൽ തിരിച്ചടിയുണ്ടായാലും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 6.7 ശതമാനം വളർച്ച നേടുമെന്ന് എ.വൈ ഇന്നലെ വ്യക്തമാക്കി. നേരത്തെ വളർച്ച 6.5 ശതമാനമെന്നാണ് ഏജൻസി വിലയിരുത്തിയിരുന്നത്.
പൊതുകടം കുറയും
സാമ്പത്തിക മേഖലയുടെ മികച്ച വളർച്ചയും ധനകമ്മിയിലുണ്ടാകുന്ന കുറവും കേന്ദ്ര സർക്കാരിന്റെ കടം നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകമാകുമെന്ന് മൂഡീസ് പറയുന്നു. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ രാജ്യത്തെ സാമ്പത്തിക മേഖലയിൽ നാമമാത്രമായ പ്രത്യാഘാതം മാത്രമേ സൃഷ്‌ടിക്കൂവെന്ന് മറ്റൊരു പ്രമുഖ ഏജൻസിയായ എസ് ആൻഡ് പി ഗ്ളോബൽ പറയുന്നു. നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിൾബിയിലേക്ക് എസ് ആൻഡ് പി ഉയർത്തിയിരുന്നു.
അനുകൂല ഘടകങ്ങൾ
1. കാലവർഷം മെച്ചപ്പെട്ടതിനാൽ നടപ്പുവർഷം ഗ്രാമീണ കാർഷിക മേഖലകളിൽ ഉപഭോഗം മെച്ചപ്പെടും
2. നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി കുറയുന്നതോടെ കമ്പനികളുടെ വിൽപ്പന ഉയരും
3. അമേരിക്കൻ കയറ്റുമതിയിലെ തിരിച്ചടി നേരിടാൻ വിപണി വൈവിദ്ധ്യവൽക്കണം സഹായിക്കും
4. നികുതി, നികുതിയിതര വരുമാനങ്ങൾകൂടുന്നതിനാൽ സർക്കാരിന്റെ ധന കമ്മി കുറയും