സ്നേഹസ്പന്ദനമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്‌മേക്കർ

Tuesday 30 September 2025 12:28 AM IST

തൃശൂർ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നിർദ്ധന ഹൃദ്രോഗികൾക്ക് ആശ്വാസമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ 63 ലക്ഷം രൂപയുടെ 50 പേസ്‌മേക്കറാണ് വിതരണം ചെയ്യുന്നു. ആദ്യഘട്ടത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ തിരഞ്ഞെടുത്ത 20 നിർദ്ധന രോഗികൾക്ക് പേസ്‌മേക്കർ നൽകി. സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തിക പരാധീനതകൾ മൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫൗണ്ടേഷൻ അദ്ധ്യക്ഷനും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ ആന്റണി ജോസ്, ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐ.എം.എ തൃശൂർ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, ടി.എം.എ പ്രസിഡന്റ് പത്മകുമാർ, എന്നിവർ പങ്കെടുത്തു. 2009ൽ ആരംഭിച്ച ഫൗണ്ടേഷൻ നിരവധി സേവന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

അവയവങ്ങൾ മാറ്റിവെച്ചവരെ

ചേർത്തുപിടിക്കണം: സത്യൻ അന്തിക്കാട്

തൃശൂർ: അവയവങ്ങൾ മാറ്റിവച്ചവരെ ചേർത്തുപിടിക്കണമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ജീവിതങ്ങൾ നേരിട്ടുകണ്ട് സിനിമ സൃഷ്ടിക്കുന്നതിനാലാണ് കാലങ്ങൾ കഴിഞ്ഞാലും അവ നിലനിൽക്കുന്നത്. തമാശപ്പടങ്ങൾ എന്നു പറയുമ്പോഴും അതിന്റെ ഉള്ളിൽ വേദനയുടെ കഥയുണ്ട്. 'ഹൃദയപൂർവം' സിനിമ പുറത്തിറങ്ങിയ ശേഷം ഹൃദയദിന പരിപാടികൾക്ക് ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.