പലിശ വീണ്ടും കാൽ ശതമാനം കുറച്ചേക്കും

Tuesday 30 September 2025 12:27 AM IST

റിസർവ് ബാങ്ക് ധന നയ പ്രഖ്യാപനം നാളെ

കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും നിയന്ത്രണ വിധേയമായ നാണയപ്പെരുപ്പവും കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കൂടി കുറച്ചേക്കും. ഇന്നലെ ആരംഭിച്ച റിസർവ് ബാങ്കിന്റെ മൂന്ന് ദിവസത്തെ ധന നയ അവലോകന യോഗത്തിന് ശേഷം നാളെ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ 5.25 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയായി റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു.

അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയർത്തിയതോടെ രാജ്യത്തെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തി വെല്ലുവിളി മറികടക്കാൻ പലിശ കുറയ്ക്കുന്നതിലൂടെ സഹായിക്കുമെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ജി.എസ്.ടി ഏകീകരണത്തിനൊപ്പം പലിശയും കുറയുന്നതോടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.5 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രവചനം.

നിലവിലെ റിപ്പോ നിരക്ക് 5.5 ശതമാനം

റിയൽ എസ്‌റ്റേറ്റ് വിപണിക്ക് ആശ്വാസമാകും

ബാങ്ക് വായ്പകളുടെ പലിശ വീണ്ടും കുറയുന്നതോടെ രാജ്യത്തെ ഭവന വിപണിയിൽ മികച്ച ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി, സ്വർണ, ബോണ്ട് വിപണികൾ കഴിഞ്ഞ കാലങ്ങളിൽ മികച്ച വരുമാനം നൽകിയെങ്കിലും റിയൽ എസ്‌റ്റേറ്റ് രംഗത്ത് മാന്ദ്യം തുടരുകയാണ്. ഉയർന്ന വായ്പാ പലിശയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതികൂല നടപടികളുമാണ് റിയൽ എസ്‌റ്റേറ്റ് രംഗത്തിന് തിരിച്ചടിയായത്.

വ്യാവസായിക ഉത്പാദന വളർച്ച കുറഞ്ഞു

വ്യാവസായിക ഉത്പാദന സൂചികയിലെ(ഐ.ഐ.പി) വളർച്ച ആഗസ്റ്റിൽ നാല് ശതമാനത്തിലേക്ക് താഴ്ന്നു. ജൂലായിൽ വ്യവസായ ഉത്പാദന വളർച്ച 4.3 ശതമാനമായിരുന്നു. ഖനന മേഖലയിലെ മികച്ച പ്രകടനം ഗുണമായി. അതേസമയം മാനുഫാക്ചറിംഗ് രംഗത്തെ വളർച്ച ജൂലായിലെ ആറ് ശതമാനത്തിൽ നിന്ന് 3.8 ശതമാനമായി താഴ്ന്നു.