റാന്നി ഉപജില്ലയിൽ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിക്ക് തുടക്കമായി
റാന്നി : ഉപജില്ലയിൽ 'ലിറ്റിൽ മാസ്റ്റേഴ്സ്' പദ്ധതിക്ക് തുടക്കമായി. പ്രൈമറി തലത്തിൽ പഠിക്കുന്ന പ്രതിഭാധനർക്കു വേണ്ടി പൊതുവിദ്യാഭ്യാസ വകപുപ്പ് തുടക്കം കുറിക്കുന്ന പദ്ധതിയായ ലിറ്റിൽ മാസ്റ്റേഴ്സ് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ബി.ആർ.സി ഹാളിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിനിറ്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ. കെ.കെ. ദേവി , ബി.പി.സി ഷാജി എ. സലാം, ലിറ്റിൽ മാസ്റ്റേഴ്സ് ഉപജില്ല ജോ. കൺവീനർ അനില കെ. ബിനു, പ്രഥമാദ്ധ്യാപിക ജയശ്രീ ദേവി, സീനിയർ സൂപ്രണ്ട് മോളി അലക്സ് എന്നിവർ സംസാരിച്ചു. മുൻ പ്രഥമാദ്ധ്യാപിക ഷീലാബായി കുട്ടികൾക്ക് ക്ലാസെടുത്തു. പ്രതിഭാധനരുടെ ചിന്തകളേയും താത്പര്യങ്ങളേയും കഴിവുകളേയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടുള്ള ബൗദ്ധികവും സർഗാത്മകവുമായ പോഷണ പരിപാടികളിലൂടെ ഇവരുടെ പ്രതിഭയെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ലിറ്റിൽ മാസ്റ്റേഴ്സ് എന്ന പദ്ധതി. കുട്ടികളുടെ നവീന ആശയങ്ങൾക്കും ചിന്തകൾക്കും പുതിയ തലങ്ങളിലേക്ക് വളർന്നു വികസിക്കാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എൽ. എസ് എസ് നേടിയ കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് പരിശീലനങ്ങളും ക്ലാസുകളും നൽകുന്നത്.