'മുഖ്യമന്ത്രി എന്നോടൊപ്പം': പ്രവർത്തനം തുടങ്ങി

Tuesday 30 September 2025 12:00 AM IST

തിരുവനന്തപുരം: സർക്കാരിനുള്ള പരാതികൾക്കും നിർദ്ദേശങ്ങൾക്കും വേഗത്തിൽ പരിഹാരമുണ്ടാക്കാനാവുന്ന 'മുഖ്യമന്ത്രി എന്നോടൊപ്പം" സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയ വിനിമയത്തിൽ വിടവുണ്ടെങ്കിൽ തീർക്കാനും, ജനങ്ങളുടെ പ്രശ്നങ്ങളിൽ സമയബന്ധിതമായി നടപടിയെടുക്കാനും, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കാനുമാണ് ഈ സംവിധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂർ പ്രവർത്തിക്കുന്നതും, ഒരേഹസമയം 10 കോളുകൾ കൈകാര്യം ചെയ്യാനും കഴിയുന്ന കോൾ സെന്ററാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തനം തുടങ്ങിയത്. കോൾ സെന്ററിന് രണ്ട് തലങ്ങളുണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന 'റിസീവിംഗ് ലെയറും" പരാതികളിൽ സ്വീകരിച്ച നടപടികളെ കുറിച്ച് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകുന്ന ഉദ്യോഗസ്ഥ തലവും. ചീഫ് സെക്രട്ടറി ഏകോപന ചുമതലയും മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി പരിപാലന ചുമതലയും വഹിക്കും. എല്ല ജില്ലകളിലും നോഡൽ ഓഫിസുകളുണ്ടാകും. എവിടെനിന്നും ഏതു വിവരവും ശേഖരിക്കാം..

ആദ്യമെത്തിയത്

ടൊവിനോയുടെ കോൾ 'മുഖ്യമന്ത്രി എന്നോടൊപ്പം" പരിപാടിയിൽ ആദ്യമെത്തിയത് നടൻ ടൊവിനോ തോമസിന്റെ ഫോൺ. സ്വാഗതാർഹമായ പദ്ധതിയെന്ന് അറിയിച്ച ടൊവിനോയോട് .നിങ്ങളുടെ സഹകരണം വിലമതിക്കുന്നതാണെന്നും എല്ലാ പിന്തുണയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് 74കാരനായ ഫോർട്ട് കൊച്ചി സ്വദേശി അബുവിന്റെ ഫോൺ വിളിയെത്തി. കെ-ഫോൺ സംബന്ധിച്ച ആവശ്യമായിരുന്നു അദ്ദേഹത്തിന്റേത്. ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.വൃക്ക മാ​റ്റിവയ്ക്കലിന് സർക്കാർ സഹായം ലഭിച്ച ഹരിതയുടേതായിരുന്നു മൂന്നാമത്തെ ഫോൺ. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.