നിർദേശം പാലിച്ചില്ല: പരിപാടി റദ്ദാക്കി മന്ത്രി ഗണേശ് മടങ്ങി
തിരുവനന്തപുരം: കനകക്കുന്ന് പാലസ് പരിസരത്ത് മോട്ടർ വാഹന വകുപ്പ് സംഘടിപ്പിച്ച പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് റദ്ദാക്കി ഗതാഗത മന്ത്രി കെ.ബി.ഗണേശ്കുമാർ. പുതിയ വാഹനങ്ങൾ പാലസിനു മുന്നിലേക്കു കയറ്റി നിറുത്തണമെന്ന നിർദേശം സംഘാടകർ അനുസരിക്കാതിരുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ പ്രസംഗിച്ചതിനു പിന്നാലെ, മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങുകയുമായിരുന്നു.
എം.എൽ.എയോടും മാദ്ധ്യമ പ്രവർത്തകരോടും അതിഥികളോടും മന്ത്രി ക്ഷമ ചോദിച്ചു. പരിപാടിയുടെ സംഘാടകനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. പരിപാടിയിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നതിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. കെ.എസ്.ആർ.ടി.സിയാണ് പരിപാടി വച്ചിരുന്നതെങ്കിൽ എല്ലാവരും വരുമായിരുന്നു. തന്റെ പാർട്ടിക്കാരും പഴ്സനൽ സ്റ്റാഫും കെ.എസ്.ആർ.ടിസി ജീവനക്കാരും മാത്രമാണ് പരിപാടിക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, പാലസിനു മുന്നിലെ ടൈൽ പൊട്ടിപ്പോകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ വാഹനങ്ങൾ അകത്തേക്ക് കയറ്റാതിരുന്നത്. മന്ത്രിയെത്തിയതിനു ശേഷമാണ് ഓരോ വാഹനങ്ങളായി പാലസിനു മുന്നിലേക്കു പ്രവേശിപ്പിച്ചത്.ഇതിന്റെ മുറ്റത്ത് വണ്ടി കയറ്റി ഇട്ടാൽ ടൈൽസ് പൊട്ടുമെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ ആരാണെന്ന് മന്ത്രി ചോദിച്ചു. അങ്ങനെ പൊട്ടുന്ന ടൈൽസിട്ടത് ആരാണെന്നറിയാൻ ബന്ധപ്പെട്ട മന്ത്രിക്കു കത്തു കൊടുക്കും. മറ്റൊരു ദിവസത്തേക്കു പരിപാടി മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി മടങ്ങിയത്.