ഗാസയിലെ യാഥാർത്ഥ്യം പുറംലോകം അറിയണം: പാലസ്തീൻ അംബാസഡർ

Tuesday 30 September 2025 1:13 AM IST

തിരുവനന്തപുരം: തങ്ങളുടെ യഥാർത്ഥ കഥ പുറംലോകത്തെ അറിയിക്കാൻ അവസരം തേടുകയാണ് പാലസ്തീൻ ജനതയെന്ന് പാലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്. കേരള മീഡിയ അക്കാഡമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയിലെ യാഥാർത്ഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള സോഷ്യൽമീഡിയ ഇടപെടലിന് കേരള ജനതയുടെ സഹായം ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. പാലസ്തീനിൽ മാദ്ധ്യമപ്രവർത്തകർക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നത് സത്യസന്ധമായ മാദ്ധ്യമപ്രവർത്തനം നടത്തിയതിനാണ്. പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കേരളത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

കേരളം പാലസ്തീന് ഒപ്പമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായി. ആർക്കിടെക്ട് ജി.ശങ്കർ, ടി.കെ.രാജീവ് കുമാർ,​ കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി.റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ആർ.കിരൺബാബു, അനുപമ.ജി.നായർ, പി.പി ജെയിംസ്,​ കെ.ഷാഹിന,​ മീഡിയ അക്കാഡമി സെക്രട്ടറി അരുൺ.എസ്.എസ്, ബി.ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഇന്നു വൈകിട്ട് 5.30ന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.