അമ്പതിലും പ്രതാപമില്ലാതെ അങ്കണവാടികൾ

Tuesday 30 September 2025 12:21 AM IST

കൊച്ചി: അമ്പതു വയസായെങ്കിലും, ഗ്രാമീണമേഖലയിലെ കുട്ടികളുടെ അക്ഷരക്കളരിയും കിന്റർഗാർട്ടനുമൊക്കെയായിരുന്ന അങ്കണവാടികൾക്ക് ഇന്ന് പഴയ പ്രതാപമില്ല. പ്രീസ്കൂൾ വിദ്യാഭ്യാസം സാർവത്രി​കമായതാണ് തിരിച്ചടിയായത്. 1994ൽ പഞ്ചായത്ത് രാജ് നഗരപാലിക നിയമം നിലവിൽ വന്നതോടെ ഐ.സി.ഡി.എസ് പ്രോജക്ടുകളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലായി. എന്നിട്ടും സംസ്ഥാനത്ത് ആയിരക്കണക്കിന് അങ്കണവാടികൾക്ക് സ്വന്തം കെട്ടിടമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ല. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്മാർട്ട് ആക്കിയവയുമുണ്ട്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിലെ വിവേചനം, ജീവനക്കാർക്ക് സമയബന്ധിതമായി പെൻഷൻ ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് അമ്പതാം വയസിലും അങ്കണവാടികൾ നേരിടുന്നത്.

അങ്കണവാടി​കളുടെ ലക്ഷ്യങ്ങൾ

• ആറ് വയസു വരെ കുഞ്ഞുങ്ങളുടെ പോഷക - ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക

• ശിശുക്കളുടെ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് അടിത്തറ ഇടുക.

• ശിശുമരണം,രോഗങ്ങൾ,പോഷകാഹാര കുറവ് എന്നിവ നിയന്ത്രിക്കുക.

• വിവിധ വകുപ്പുകളുടെ ശി​ശുക്ഷേമ പദ്ധതികൾ ഏകോപിപ്പിക്കുക

• കുഞ്ഞുങ്ങളുടെ പോഷക,ആരോഗ്യ ആവശ്യങ്ങളെക്കുറി​ച്ചുള്ള ബോധവത്കരണം

ഒക്ടോബർ 2ന് അമ്പതാം പിറന്നാൾ

1975 ഒക്ടോബർ 2നാണ് രാജ്യത്ത് സംയോജിത ശിശുവികസന സേവന പദ്ധതി അഥവാ ഐ.സി.ഡി.എസ് നിലവിൽ വന്നത്. അതിനു കീഴിലായി ആയിരം ജനങ്ങൾക്ക് ഒരു കേന്ദ്രം എന്ന നിലയിൽ സംസ്ഥാനത്ത് നൂറുകണക്കിന് അങ്കണവാടികളും നിലവിൽ വന്നു.

 തുച്ഛമായ വേതനം

അങ്കണവാടി വർക്കർ,ഹെൽപ്പർ തസ്തികയിൽ ജോലിചെയ്യുന്നവർക്ക് മതിയായ വേതനമില്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വർക്കർക്ക് 13,000രൂപയും ഹെൽപ്പർക്ക് 9000 രൂപയുമാണ് പ്രതിമാസ വേതനം.

 അങ്കണവാടികൾ: 33,200

 ജീവനക്കാർ: 66,200

 പെൻഷൻകാർ : 20,000

പോഷകപ്രദവും സ്വാദേറിയതുമായ വിഭവങ്ങൾ ഉൾപ്പെടുത്തി മെനു പരിഷ്കരിച്ചു. ആഴ്ചയിൽ ഒരു ദിവസം മുട്ട ബിരിയാണി നിർബന്ധം. പുലാവ്,കൊഴുക്കട്ട,ഇലയട,ന്യൂട്രി ലഡു എന്നിവയാണ് പുതിയ മെനുവി​ലുള്ളത്.

- സി.സുധ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ, എറണാകുളം