എയ്ഡഡ് സ്കൂൾ നിയമനം: നിയമസഭയിൽ ബഹളം

Tuesday 30 September 2025 1:27 AM IST

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾ സർക്കാർ തടസപ്പെടുത്തുകയാണെന്ന മോൻസ് ജോസഫിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ ബഹളം. എൻ.എസ്.എസിന്റെ കേസിലെ സുപ്രീംകോടതി വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാണെന്ന് ബോധമുള്ളവർക്ക് അറിയാമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് ബോധമില്ലെങ്കിൽ എന്ത് പറയാനാണെന്നുമായിരുന്നു മോൻസിന്റെ പരാമർശം.

മോൻസിന്റെ പരാമർശം പിൻവലിക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. താങ്കളെപ്പോലെ മുതിർന്ന അംഗത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പരാമർശമാണെന്നും സഭയിൽ 25 വർഷമായെന്ന് ഊറ്റം കൊള്ളുമ്പോൾ അതിനുതക്ക മര്യാദ കാണിക്കണമെന്നും സ്പീക്കർ പറഞ്ഞു.

മുൻമന്ത്രിയും സീനിയർ നേതാവുമായ മോൻസ് ജോസഫിന് കാര്യങ്ങൾ അറിയാമെന്നും ആവേശത്തിന് പറഞ്ഞു പോയതായിരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോടതി ഉത്തരവുകളെക്കുറിച്ച് വിവരമില്ലെന്ന് താൻ പറയില്ലെന്നും മോൻസിന് മനസിലായില്ലെങ്കിൽ ഒന്നു കൂടി വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വച്ചു.

എല്ലാവർക്കും തുല്യ

പരിഗണന: മന്ത്രി

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മാനേജ്മെന്റുകൾക്ക് നിരവധി സംശയങ്ങളുണ്ടെന്നും ഇതിന് പരിഹാരമായി ഇറക്കിയ കൈപ്പുസ്തകം എല്ലാ എം.എൽ.എമാർക്കും നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. എല്ലാ മാനേജ്മെന്റുകൾക്കും സർക്കാർ തുല്യ പരിഗണനയാണ് നൽകുന്നത്. ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു മാനേജ്‌മെന്റുകളെ ഒരേ കണ്ണിലാണ് കാണുന്നത്. മോൻസിനു മാത്രമല്ല, തനിക്കും ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരുമായി നല്ല ബന്ധമുണ്ട്. തന്റെ പ്രസ്താവന വളച്ചൊടിച്ച് വാർത്ത വന്നെങ്കിൽ അവരെ കണ്ട് തിരുത്താൻ തയ്യാറാണെന്നും വ്യക്തമാക്കി.