വൈവി​ദ്ധ്യ കാഴ്ചകളുമായി​ എ. രാമചന്ദ്രൻ മ്യൂസിയം

Tuesday 30 September 2025 12:55 AM IST
എ. രാമചന്ദ്രന്റെ മ്യൂസിയം ഒക്ടോബർ 5ന് ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 5ന് മുഖ്യമന്ത്രി​ ഉദ്ഘാടനം ചെയ്യും

കൊല്ലം: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ, കോടികൾ വിലയുള്ള ചിത്രങ്ങളും ശില്പങ്ങളും സിറാമിക്കുകളും സ്റ്റാമ്പ് ഡിസൈനുകളും കുട്ടികൾക്കുള്ള ബുക്കുകളും ഉൾപ്പെടുത്തി കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സജ്ജമാക്കിയ മ്യൂസിയം ഒക്ടോബർ 5ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും എ. രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ടാൻ യുവാൻ ചാമേലി മുഖ്യാതിഥിയാകും. മകൻ രാഹുൽ രാമചന്ദ്രൻ, മകൾ സുജാത രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, കെ.ബി​. ഗണേശ് കുമാർ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ ഹണി ബെഞ്ചമിൻ, എം. മുകേഷ് എം.എൽ.എ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഗോബർഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ് എസ്.അയ്യർ, കളക്ടർ എൻ. ദേവിദാസ്, ലളിതകല അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സെക്രട്ടറി എബി എൻ.ജോസഫ്, മ്യൂസിയം ക്യൂറേറ്റർ ശിവകുമാർ എന്നിവർ പങ്കെടുക്കും. മ്യൂസിയത്തിന്റെ ലോഗോ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. എ. രാമചന്ദ്രന്റെ 'ദി സോംഗ് ഒഫ് ദി സിംബൂൾ ട്രീ'എന്ന പ്രശസ്തമായ ചിത്രത്തിൽ നിന്നു വികസിപ്പിച്ചതായിരുന്നു ലോഗോ.

എ. രാമചന്ദ്രൻ

1935ൽ ആറ്റിങ്ങലായിരുന്ന എ. രാമചന്ദ്രന്റെ ജനനം. അമ്മയോടൊപ്പമുള്ള ക്ഷേത്ര ദർശനങ്ങളിലാണ് രാമചന്ദ്രൻ ചിത്രകലയുടെ ആദ്യ പാഠം പഠിച്ചത്. ഔപചാരികമായി ചിത്രകല പഠിക്കാൻ കേരള സർവകലാശാലയുടെ സ്‌കോളർഷിപ്പോടെ 1957ൽ ശാന്തിനികേതനിൽ എത്തി. ഡൽഹിയിലെ ജാമിയമില്ലിയ സർവ്വകലാശാലയിലെ അദ്ധ്യാപക ജോലിയായിരുന്നു ജീവിത മാർഗം. കേരളത്തിലെ ചുമർ ചിത്രങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട്. 1969ലും 1973ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1993ൽ ഡൽഹി സാഹിത്യ കലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം, 2000ൽ വിശ്വഭാരതിയിൽ നിന്ന് ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, 2004 കേരള സർക്കാറിന്റെ പ്രഥമ രാജാ രവിവർമ്മ പുരസ്‌കാരം തുടങ്ങി അനവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 2005ൽ പത്മഭൂഷൻ നൽകി രാഷ്ട്രം ആദരിച്ചു. 2024 ഫെബ്രുവരി 10ന് ഡൽഹിയിൽ അന്തരിച്ചു.