ഐസിസ് റിക്രൂട്ട്മെന്റ് : 2 തമിഴ്നാട്ടുകാർക്ക് 8വർഷം കഠിനതടവ്
കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും ഐസിസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്ന കേസിൽ കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീൻ, ഷേഖ് ഹിദായത്തുള്ള എന്നിവരെഎൻ.ഐ.എ പ്രത്യേക കോടതി എട്ടു വർഷം കഠിനതടവിന് ശിക്ഷിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൽ ആളെ ചേർക്കാൻ സമൂഹമാദ്ധ്യമത്തിലൂടെ ആഹ്വാനം ചെയ്തെന്നും യുവാക്കളെ പരിശീലിപ്പിച്ചെന്നുമാണ് കേസ്. തീവ്രവാദ സംഘടനയെ പിന്തുണയ്‌ക്കുക, അംഗമായിരിക്കുക, ക്രിമിനൽ ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ഓരോകുറ്റത്തിനും 8 വർഷം വീതമാണ് തടവ് വിധിച്ചതെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതി.
യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്കായി സിറിയയിൽ എത്തിക്കാൻ ശ്രമിച്ചതായും രഹസ്യ യോഗങ്ങൾ സംഘടിപ്പിച്ചതായും എൻ.ഐ.എ കണ്ടെത്തിയിരുന്നു. 2013 മുതൽ തന്നെ അസ്‌ഹറുദ്ദീന്റെ നേതൃത്വത്തിൽ ഐസിസ് റിക്രൂട്ട്‌മെന്റ് നീക്കങ്ങൾ നടന്നിരുന്നെന്നും 2016 -2017ൽ ഹിദായത്തുള്ളയുമായി ചേർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീകരവാദ ആശയ പ്രചാരണം നടത്തിയെന്നും കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ സ്ഫോടനക്കേസിലും പ്രതികളാണ്.