വിമൻ പവർലൈഫ് പ്ലാനുമായി കുടുംബശ്രീ
തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനികളെ കരിയറിൽ മുന്നേറാൻ പ്രാപ്തരാക്കുന്ന 'വിമൻ പവർലൈഫ് മാസ്റ്റർ പ്ലാനു' മായി കുടുംബശ്രീ. വിദ്യാർത്ഥിനികൾക്ക് സ്വന്തം കഴിവുകളും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് ലൈഫ് മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ പിന്തുണ നൽകുകയുമാണ് ലക്ഷ്യം.
പദ്ധതിയുമായി ബന്ധപ്പെട്ട് കോളേജ് അ ദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഇന്നലെ ഹോട്ടൽ ഗ്രാൻഡ് ചൈത്രത്തിൽ സംഘടിപ്പിച്ച ശിൽപശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ ഉദ്ഘാടനം ചെയ്തു.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാഠ്യ -പാഠ്യേതര മികവുകളെയും വെല്ലുവിളികളെയും കുറിച്ച് കാമ്പസ് തലത്തിൽ വിവരശേഖരണം നടത്തും. കരിയർ കൗൺസലിങ്ങ് ഉൾപ്പടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പദ്ധതിയുടെ ചെലവ് കുടുംബശ്രീ വഹിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 13 ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. കോളേജ് എജ്യൂക്കേഷൻ ഡയറക്ടർ വി.എസ് ജോയി,പ്രോഗ്രാം ഓഫീസർ ബി.ശ്രീജിത്ത്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻമാത്യു ,സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ശാരിക എസ്. എന്നിവർ പങ്കെടുത്തു.