അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപാളികൾ അല്ല തിരിച്ചുകൊണ്ടുവന്നത്; ഗുരുതര ആരോപണം

Tuesday 30 September 2025 10:26 AM IST

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപാളികൾ തട്ടിയെടുത്തെന്ന ആരോപണവുമായി തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കർ (തട്ടാവിള കുടുംബമാണ് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം നിർമിച്ചത്). 2019ൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളിയല്ല തിരികെ കൊണ്ടുവന്നതെന്നും തൂക്കം കുറഞ്ഞെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ചെമ്പിൽ തങ്കപ്പാളി ഒട്ടിച്ചതായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതല്ല തിരികെ കൊണ്ടുവന്നത്. അതേ മോഡലിൽ മറ്റൊന്ന് ഉണ്ടാക്കിയതാണ്. അയ്യപ്പന്റെ മുന്നിൽ വർഷങ്ങളോളം ഇരുന്ന പാളികളാണ് അവ. അതിനാൽത്തന്നെ ഇത് കൈവശം വച്ചാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞ് കോടികൾക്ക് വിൽക്കാം. വിശ്വാസ കച്ചവടമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കണക്കും രജിസ്റ്ററുമില്ലാതെ സ്ട്രോംഗ് റൂമുകളിൽ ചാക്കിൽകെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകളിലടക്കം പരിശോധന നടത്തി പട്ടിക തയ്യാറാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കണക്കെടുപ്പിന്റെ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ കോടതി നിയോഗിച്ചിട്ടുണ്ട്.

ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെയാകണം കണക്കെടുപ്പ്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം. കണക്കെടുപ്പിനുള്ള സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ദേവസ്വം ബോർഡിന്റെ വീഴ്ചകൾ ഗുരുതരമാണെന്നും സിസ്റ്റത്തിന്റെ പരാജയമാണെന്നും വിമർശിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുൻകൂർ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയ്‌ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസാണ് പരിഗണിക്കുന്നത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.