സംഘാടന പിഴവിൽ നടപടി; അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: കനകക്കുന്ന് പാലസ് പരിസരത്ത് മോട്ടർ വാഹന വകുപ്പ് സംഘടിപ്പിച്ച പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി ഗണേഷ് കുമാർ ഇറങ്ങിയപ്പോയ സംഭവം വലിയ വിവാദമായിരുന്നു. പുതിയ എംവിഡി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആയിരുന്നു ചടങ്ങിൽ നടക്കേണ്ടിയിരുന്നത്. ചടങ്ങിലെ സംഘാടന പിഴവിൽ കമ്മീഷണറേറ്റിലെ അസി.ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകായാണ് ഇപ്പോൾ.
52 വാഹനങ്ങളുടെ ഫ്ലാഗോഫിനായിരുന്നു മന്ത്രി എത്തിയത്. എന്നാൽ പരിപാടിയിലെ സംഘാടനത്തിലെ പിഴവ് കണ്ട് മന്ത്രി ക്ഷുഭിതനായി ഇറങ്ങി പോവുകയായികരുന്നു. ചടങ്ങിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നതിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
സംഘാടകരുടെ വീഴ്ചകളടക്കം മന്ത്രി വേദിയിൽ തന്നെ തുറന്നു കാട്ടിയാണ് ഇറങ്ങിപ്പോയത്. ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുത്ത ശേഷം ചടങ്ങിന്റെ ഉദ്ഘാടനം വീണ്ടും നടത്തുമെന്നും ഗണേഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അസി.ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
ഗതാഗത കമ്മീഷണറേറ്റിലേ ഉദ്യോഗസ്ഥർക്കായിരുന്നു ഇന്നലത്തെ ചടങ്ങിന്റെ ക്രോഡീകരണ ചുമതലകൾ നൽകിയിരുന്നത്. ഗതാഗത കമ്മീഷണർ ഇപ്പോൾ പരിശീലനത്തിനായി അവധിയിലായതിനാൽ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് കൃഷ്ണനാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. അദ്ദേഹം ഒരു യോഗം വിളിച്ച് ചേർത്ത് അസി.ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ചുമതലകൾ നൽകുകയായിരുന്നു.
എന്നാൽ ഈ ചുമതലകൾ അസി.ട്രാൻസ്പോർട്ട് കമ്മീഷണർ നിർവഹിച്ചില്ല. ഇതാണ് ചടങ്ങിന് കല്ലുകടിയായത്. അതേസമയം മന്ത്രിയുടെ നടപടിക്കെതിരെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലും പ്രതിഷേധം ഉയരുന്നുണ്ട്. ചടങ്ങിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ചില പാർട്ടിക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. വിവിധ ആർടി ഓഫീസുകളിലെ ഉദ്യോഗസ്ഥരെപ്പോലും സംഘടിപ്പിക്കാൻ സാധിച്ചില്ല. കെഎസ്ആർടിസി ചടങ്ങുകളിലുണ്ടായ ഉദ്യോഗസ്ഥ പങ്കാളിത്തം പോലും എംവിഡി പരിപാടിയിൽ ഉണ്ടായില്ലന്നാണ് പ്രധാന ആരോപണം.
ഉദ്യോഗസ്ഥർക്ക് കൃത്യമായ കത്ത് നൽകാത്തതും പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ട് ഓർമ്മപ്പെടുത്താത്തതുമാണ് ചടങ്ങ് പരാജയപ്പെടാൻ കാരണമെന്ന് ചിലർ പറയുന്നു. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി വാഹനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ മുറവിളി കൂട്ടിയതിനെ തുടർന്ന് ധനവകുപ്പിന് കത്ത് നൽകിയാണ് 52 വാഹനങ്ങൾ വാങ്ങാനുള്ള പണം അനുവദിച്ചത്. അത്രയും പ്രാധാന്യമുള്ള ഒരു പരിപാടിയാണ് സംഘാടനത്തിലെ പിഴവുകൊണ്ട് റദ്ദാക്കിയതെന്ന ആരോപണങ്ങളും ശക്തമായി ഉയരുന്നു.