ദേവസ്വം ബോർഡിനെ സംശയ നിഴലിലാക്കി: ഉണ്ണികൃഷ്ണൻ പോറ്റിയെ വെറുതെ വിടില്ല; വീണ്ടും ചോദ്യം ചെയ്യാൻ ദേവസ്വം വിജിലൻസ്
തിരുവനന്തപുരം: ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന്റെയും സർക്കാരിന്റെയും കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇതേതുടർന്ന് പോറ്റിയെ വീണ്ടും ചേദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ദേവസ്വം വിജിലൻസ്.
ബോർഡിനെ സംശയ നിഴലിൽ നിർത്താൻ ശ്രമിച്ചതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ബോർഡ് ആരോപിച്ചു. നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പൊലീസിലോ ക്രൈംബ്രാഞ്ചിലോ നേരിട്ട് പരാതി നൽകാൻ ബോർഡിന് കഴിയില്ല.
അതിനാൽ ഹൈക്കോടതിയിൽ തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോർഡ് അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റി സംശയനിഴലിൽ നിൽക്കുന്ന വ്യക്തിയാണെന്നും, പലതരം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും ബോർഡ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഒട്ടേറെ ആരോപണങ്ങളും കേസുകളും നിലവിലുണ്ടെന്നാണ് ദേവസ്വം ബോർഡിന് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഹൈക്കോടതിയും പോറ്റിയുടെ സ്വഭാവത്തെക്കുറിച്ച് ചില സംശയങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ദേവസ്വം ബോർഡ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.