ആദിലയെ എങ്ങനെ സഹിക്കുന്നുവെന്ന് മോഹൻലാൽ; എന്ത് ചെയ്യാനാ പെട്ടുപോയില്ലേയെന്ന് നൂറയുടെ മറുപടി
ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും മത്സരാർത്ഥികളായി ഉണ്ടെന്നതാണ് ബിഗ് ബോസ് സീസൺ 7ലെ പ്രത്യേകതകളിലൊന്ന്. കഴിഞ്ഞാഴ്ച മത്സരാർത്ഥിയായ അനീഷും ആദിലയും തമ്മിൽ ചില തർക്കങ്ങളൊക്കെ ഉണ്ടായിരുന്നു. ആദില വളരെ ദേഷ്യത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും പ്രേക്ഷകരെയും ബോറടിപ്പിക്കുന്നുണ്ട്. അവതാരകൻ കൂടിയായ മോഹൻലാൽ ഇക്കാര്യം പറയുന്നുണ്ട്. തുടർന്ന് ആദിലയും നൂറയും നൽകുന്ന മറുപടിയുടെ പ്രമോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'കഴിഞ്ഞ ഒരാഴ്ചയായി ആദിലയുടെ പെരുമാറ്റം കാണികളെ അസ്വസ്ഥരാക്കുന്നു' എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇറിറ്റേറ്റഡ് ആയിപ്പോയപ്പോൾ വന്നതാണെന്നായിരുന്നു ആദിലയുടെ മറുപടി. ഇറിറ്റേഷൻ എല്ലാവർക്കുമില്ലേ എന്ന് മോഹൻലാൽ ചോദിച്ചു. തുടർന്ന് അദ്ദേഹം 'നൂറാ, ഇതാണോ ശരിക്ക് ആദിലയുടെ സ്വഭാവം'- എന്നും അദ്ദേഹം ചോദിച്ചു. 'ഇതുതന്നെയാണ് സ്വഭാവമെന്ന് ചിരിച്ചുകൊണ്ട് നൂറ മറുപടി നൽകി.
'അപ്പോൾ നൂറ എങ്ങനെ സഹിക്കുന്നു'- മോഹൻലാൽ ചോദിച്ചു. 'എന്ത് ചെയ്യാനാ പെട്ടുപോയില്ലേ' എന്നായിരുന്നു നൂറയുടെ മറുപടി. ഇതുകേട്ട് ആദില അമ്പരന്നുകൊണ്ട് നൂറയെ നോക്കുന്നതാണ് പ്രമോയിലുള്ളത്. ദേഷ്യവും വാശിയും ഉപേക്ഷിക്കണമെന്ന് മോഹൻലാൽ ആദിലയോട് പറഞ്ഞു.
ബിഗ് ബോസ് സീസൺ 7 അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ആരൊക്കെയായിരിക്കും ടോപ് 5ൽ എത്തുകയെന്നതിനെക്കുറിച്ച് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങി. കോമണറായി എത്തിയ അനീഷ് എന്തായാലും ടോപ് 5ൽ ഉണ്ടാകുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.