കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഓഫീസിലും ബോംബ് ഭീഷണി. തമിഴ്നാട്ടിലെ കരൂരിലെ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇമെയിലിൽ ഭീഷണിയെത്തിയത്. ദുരന്തം ബോധപൂർവം സൃഷ്ടിച്ചതാണെന്നാണ് മെയിലിലുള്ളത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള മെയിലിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും ഡിഎംകെ നേതാക്കളുടെയും പേരുണ്ട്. ഇവർക്ക് ദുരന്തത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. സിബിഐ അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ പ്രതികാരമായി ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. എവിടെ നിന്നാണ് ഇത്തരത്തിലൊരു സന്ദേശം വന്നതെന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴകത്ത് രാഷ്ട്രീയ കോളിളക്കം ലക്ഷ്യമിട്ട് ടി വി കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലിയാണ് ദുരന്തത്തിൽ കലാശിച്ചത്. കരൂരിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.