ആവശ്യക്കാരേറെയുള്ള സാധനം; ഓൺലൈനിലൂടെ വാങ്ങി പണി കിട്ടിയവരേറെ, സൂക്ഷിക്കണം
കോട്ടയം : സോഷ്യൽ മീഡിയയിലൂടെ വ്യാജ വാഗ്ദാനങ്ങൾ നൽകി ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈകൾ അമിത വിലയ്ക്ക് ഓൺലൈനിലൂടെ വ്യാപകമായി വിൽക്കുന്നു. പെട്ടെന്നുള്ള കായ്ഫലം, ചുരുങ്ങിയ കാലംകൊണ്ട് വിളവ് നൽകുന്ന തൈകൾ തുടങ്ങിയാണ് വാഗ്ദാനങ്ങളെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും വിളവ് ലഭിക്കാത്തപ്പോഴാണ് വഞ്ചന മനസിലാവുക. സാധാരണ തൈകളേക്കാളും കൂടതൽ വിലയ്ക്കാണ് വില്പന.
ഇത്തരം നിരവധി കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വാഹനക്കച്ചടവവും ഇത്തരത്തിൽ സജീവമാകുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ തൈകൾ കൂടിയ വിലയ്ക്ക് വാങ്ങി നിരവധി പേരാണ് വഞ്ചിതരാകുന്നത്.
പ്ലാവ്, തെങ്ങ്, ജാതി, റംബൂട്ടാൻ, മാങ്കോസ്റ്റീൻ, പേര, മാവ്, കമുക് തുടങ്ങിയ ഫലവൃക്ഷത്തൈകൾക്കാണ് വിപണിയിൽ ആവശ്യക്കാരുള്ളത്. തൈകൾ വച്ചുപിടിപ്പിക്കുന്നതിനും അനുയോജ്യമായ കാലാവസ്ഥയായതിനാലും തൈകൾക്കും ആവശ്യക്കാരുണ്ട്. അധികം ഉയരം വെക്കാതെ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുമെന്ന പേരിലാണ് വ്യാപകമായി ഇത്തരം തൈകൾ ഉയർന്ന വിലയ്ക്ക് വിപണിയിൽ വിൽക്കുന്നത്.
500 രൂപയ്ക്ക് മുകളിലാണ് പല ഫലവൃക്ഷത്തൈകളുടെയും വില. വ്യാപകമായി കൃഷി ചെയ്യാൻ വലിയ തുക മുടക്കി കൂട്ടത്തോടെ തൈകൾ വാങ്ങി പരിചരിക്കുന്ന പലർക്കും നഷ്ടത്തിന്റെ കണക്കുകളാണ് മിച്ചം. ഇവ കൃത്യമായി വിളവ് നൽകുയോ കാര്യമായ ഉത്പാദന ശേഷിയോ ഇല്ലാത്തതാകും.
കാറ്റിൽപ്പറത്തി മാനദണ്ഡം
നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന സ്വകാര്യ നഴ്‌സറികൾക്ക് അംഗീകാരം ലഭിക്കുന്നതിന് കൃഷി വകുപ്പിന്റെ മാനദണ്ഡങ്ങളുണ്ട്. പലപ്പോഴും ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. കുറഞ്ഞ ചെലവിൽ തൈകൾ ഉത്പാദിപ്പിച്ച് വ്യാപകമായി പ്രചരിപ്പിച്ച് ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയാണ് പലരും. കൃഷിശാസ്ത്രത്തിൽ ബിരുദമോ, കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഡിപ്ലോമ, വൊക്കേഷണൽ ഹയർസെക്കൻഡറി (കൃഷി) പരീക്ഷ പാസായവരുടെ ചുമതലയിലായിരിക്കണം നടീൽ വസ്തുക്കളുടെ ഉത്പാദനവും വിപണനവും. അഞ്ചുവർഷമായി രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ നഴ്‌സറികൾക്ക് മികച്ച രീതിയിലുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ നിബന്ധനകൾ ബാധകമല്ല.
നടപ്പാകുന്നില്ല ഇക്കാര്യങ്ങൾ
നഴ്‌സറികൾക്ക് ശാസ്ത്രീയമായി നിർമ്മിച്ച ഓർച്ചാഡ് (ചെടികൾ വളർത്താനുള്ള ശാസ്ത്രീയ സംവിധാനം)
മാതൃ സസ്യങ്ങൾ ഗുണമേന്മയുള്ളതും ആധികാരിക കേന്ദ്രങ്ങളിൽ നിന്ന് വാങ്ങണം
മാതൃസസ്യങ്ങളുടെ ആരോഗ്യം നിലനിറുത്താനുള്ള സൗകര്യങ്ങളുണ്ടാകണം
മാസത്തിൽ ഒന്നെങ്കിലും ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടർ പരിശോധിക്കണം
''തെങ്ങിൻ തൈകൾ അടക്കം വാങ്ങി വഞ്ചിതരാകുന്നവർ നിരവധിയാണ്. മികച്ച കായ്ഫലമെന്ന് പറഞ്ഞ് വിൽക്കുന്നവ മാസങ്ങൾക്കുള്ളിൽ രോഗബാധ വന്ന് കേടാകുകയാണ്. കൃത്യമായ വളപ്രയോഗം നടത്തിയാൽപ്പോലും ഫലം കാണുന്നില്ല.
-സോബിൻ, കർഷകൻ