'ചെറിയൊരു ഇടവേളക്ക് ശേഷം ജീവിതത്തിൽ ഞാനേറ്റവും ഇഷ്‌ടപ്പെട്ട കാര്യം ചെയ്യുന്നു,നന്ദി പറയാൻ വാക്കുകൾ പോരാ' കുറിപ്പുമായി മമ്മൂട്ടി
ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് മാസങ്ങളോളം വിട്ടുനിന്നശേഷം നടൻ മമ്മൂട്ടി ഇന്ന് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. ആരാധകരും മലയാള സിനിമാ പ്രേമികളും ഈ വാർത്ത ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്‌തു. ഇപ്പോഴിതാ തന്റെ മടങ്ങിവരവിനെക്കുറിച്ച് താരം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. 'ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെടുന്ന കാര്യം ഞാൻ ചെയ്യുന്നു. എന്റെ അഭാവത്തിൽ എന്നെ തേടിയവർക്ക് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല.' എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഏഴു മാസത്തെ വിശ്രമത്തിന് ശേഷം പൊതു ഇടത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ അൽപംമുൻപാണ് പുറത്തുവന്നത്. കാർ സ്വന്തമായി ഡ്രൈവ് ചെയ്ത് സ്‌റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. നിർമ്മാണ പങ്കാളിയായ ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്.
വളരെ സന്തോഷത്തോടെയാണ് മമ്മൂട്ടി കാറിൽ നിന്ന് ഇറങ്ങി വരുന്നത്. താരം ഇറങ്ങിയ ഉടൻ തന്നെ അദ്ദേത്തെ കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവർ വെൽക്കം ബാക്ക് എന്ന് ആർത്തു വിളിച്ചാണ് സ്വീകരിച്ചത്.