സ്വർണ വില പുതിയ റെക്കാഡിൽ

Wednesday 01 October 2025 12:19 AM IST

രാവിലെ കൂടിയ പവൻ വില ഉച്ചയ്ക്ക് കുറഞ്ഞു

കൊച്ചി: അമേരിക്കൻ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാർത്തകളുടെ ചുവടുപിടിച്ച് സ്വർണ വില റെക്കാഡ് കുതിപ്പ് തുടരുന്നു. ഇന്നലെ രാവിലെ 1,040 രൂപ ഉയർന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 640 രൂപ കുറഞ്ഞ് 86,120 രൂപയിലെത്തി. ഗ്രാമിന്റെ വില രാവിലെ 130 രൂപ ഉയർന്നെങ്കിലും പിന്നീട് 80 രൂപ താഴ്ന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 3,870 ഡോളർ വരെ ഉയർന്നതിന് ശേഷം 3,818 ഡോളറിലേക്ക് താഴ്‌ന്നു. വിലയിൽ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണ വില ഇനിയും മുകളിലേക്ക് നീങ്ങുമെന്നാണ് വ്യാപാരികളുടെ പ്രവചനം.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെക്കാഡ് വർദ്ധനയിൽ നിന്ന് നിക്ഷേപകർ ലാഭമെടുത്തതാണ് വിലയിൽ കുറവുണ്ടാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവും സ്വർണ വില ഉയർത്തി. അമേരിക്കയിലെ ഷട്ട്‌ഡൗൺ സാദ്ധ്യതകളാണ് നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിക്കുക. ഡൊണാൾഡ് ട്രംപ് ഒരു ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതും ഭീഷണിയാണ്.