ക്രെഡിറ്റ് കാർഡിൽ വാഴണം, വീഴരുത്
ക്രെഡിറ്റ് കാർഡ് വിപണിയിൽ മികച്ച കുതിപ്പ്
കൊച്ചി: യാതൊരു നിയന്ത്രണവുമില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കടക്കെണിയിൽ കാലിടറുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. വ്യക്തമായ പ്ലാനിംഗും വരുമാനത്തെ കുറിച്ച് ധാരണയും ഇല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് കെണിയിലാകുന്നത്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ആഗസ്‌റ്റിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവഴിക്കൽ 13.7 ശതമാനം ഉയർന്ന് 1.91 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം അഗസ്റ്റിൽ 1.68 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചിരുന്നത്.
ഓരോ മാസവും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ആഗസ്റ്റിൽ ഏഴ് ലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകളാണ് ബാങ്കുകൾ വിതരണം നടത്തിയത്. ഐ.ടി മേഖലയിലെ വിപ്ളവകരമായ വളർച്ചയും യുവാക്കളുടെ ഉപഭോഗ രീതിയിലെ മാറ്റങ്ങളുമാണ് ക്രെഡിറ്റ് കാർഡ് വിപണിക്ക് ആവേശമാകുന്നത്. മെട്രോകൾക്ക് പുറമെ ചെറുകിട, ഇടത്തരം പട്ടണങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷം കൺസ്യൂമർ ഉത്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞതും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് കരുത്തായി. ക്രെഡിറ്റ് കാർഡ് ബുദ്ധിപരമായി ഉപയോഗിച്ചാൽ 40 ദിവസം വരെ പലിശയില്ലാതെ ഫണ്ട് ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.
മുന്നിൽ എച്ച്.ഡി.എഫ്.സി ബാങ്ക്
രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയുടെ നാലിലൊന്ന് വിഹിതം എച്ച്.ഡി.എഫ്.സി ബാങ്കിനാണ്. ആഗസ്‌റ്റിൽ എച്ച്.ഡി.എഫ്.സി കാർഡ് ഉപയോഗിച്ചുള്ള ചെലവഴിക്കൽ മുൻവർഷം ഇതേകാലയളവിനേക്കാൾ 24 ശതമാനം വർദ്ധനയോടെ 53,873 കോടി രൂപയായി. കഴിഞ്ഞ മാസം 2.21 ലക്ഷം പുതിയ കാർഡുകളാണ് ബാങ്ക് വിതരണം ചെയ്തത്. എസ്.ബി.ഐ കാർഡ് ഉപയോഗിച്ച് കഴിഞ്ഞ മാസം 33,063 കോടി രൂപയും ഐ.സി.ഐ.സി.ഐ ബാങ്ക് 34,492 കോടിയും ആക്‌സിസ് ബാങ്ക് 21,760 കോടി രൂപയും ഉപഭോക്താക്കൾ ചെലവഴിച്ചു.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്
1. മിനിമം ഡ്യു അടച്ച് നീങ്ങാതിരിക്കുക. പിഴയും പലിശയും തിരിച്ചടവ് കാലാവധിയും കൂടുന്നതിനാൽ കട ബാദ്ധ്യത കുത്തനെ ഉയരും
2. ഉയർന്ന പരിധിയുണ്ടെന്ന് കരുതി അമിതമായി പണം ചെലവഴിക്കരുത്. സാമ്പത്തിക അച്ചടക്കമില്ലാത്തതിന്റെ സൂചനയാണിത്
3. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അനാവശ്യമായി പണം പിൻവലിക്കരുത്. തുടർച്ചയായി പണം പിൻവലിക്കുമ്പോൾ അധിക ബാദ്ധ്യതയുണ്ടാകും
4.വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത് സാമ്പത്തിക അസ്ഥിരത വ്യക്തമാക്കുന്നതാണ്