'ക്ഷാമബത്ത പുനഃസ്ഥാപിക്കണം, 15 ശതമാനം തുക ഇടക്കാല ആശ്വാസമായി നൽകണം', ആവശ്യമുന്നയിച്ച് സഹകരണ പെൻഷൻകാർ

Tuesday 30 September 2025 8:39 PM IST

തിരുവനന്തപുരം: സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക, 15% തുക ഇടക്കാലാശ്വാസമായി അനുവദിക്കുക. മിനിമം പെൻഷനും മാക്സിമം പെൻഷനും വർദ്ധിപ്പിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിൽ ആയിരക്കണക്കിന് സഹകരണ പെൻഷൻകാർ നിയമസഭാ മാർച്ച് നടത്തിയത്.

മുൻമന്ത്രി എം.എം.മണി എം.എൽ.എ പ്രസ്തുത നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ ഗതാഗതമന്ത്രി ആന്റണി രാജു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് വി.എസ്. ജയകുമാർ അഭിവാദ്യം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുണ്ടാർ രാമകൃഷ്ണൻ ട്രഷറർ കെ.എം. തോമസ് സംഘടനാ സംസ്ഥാന ഭാരവാഹികളായ എസ്.ഉമാചന്ദ്രബാബു, എം. ഗേഗാപാലകൃഷ്ണൻ, എൻ.വി. അജയകുമാർ, എൻ. ജി. ശശിധരൻ, എസ്. രത്നമണി, റ്റി. കെ. ജോസ്, വി.മുകുന്ദൻ, പി. അഹമ്മദ്കുട്ടി, കെ. മോഹൻ, ബി. ഹരികുമാർ, വി. ഗിരീഷൻ, ബി. രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.