ശാസ്ത്രലോകത്ത് പുതുപ്പിറവി, എ.ഐ വൈറസ് സൃഷ്ടിച്ചു # 'ഇവോ'യുടെ കണ്ടെത്തൽ

Wednesday 01 October 2025 12:09 AM IST

തിരുവനന്തപുരം: നിർമ്മിതബുദ്ധി ഉപയോഗിച്ച് ലോകത്ത് ആദ്യമായി പുതിയൊരു വൈറസിന്റെ ജനിതക ഘടന സൃഷ്ടിച്ചു. അതിനെ അടിസ്ഥാനമാക്കി പരീക്ഷണശാലയിൽ ശാസ്ത്രജ്ഞർ യഥാർത്ഥ വൈറസിനെ വികസിപ്പിച്ചു. ബാക്ടീരിയകളെ നശിപ്പിക്കാൻ നിലവിലുള്ള വൈറസുകളെക്കാൾ ഫലപ്രദമാണെന്ന് തെളിഞ്ഞു. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചത്.

ഇതോടെ, എ.ഐ സഹായത്തോടെ ജീവന്റെ കണങ്ങളെ സൃഷ്ടിക്കാനും ഫലപ്രദമായ പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാനും വഴി തുറന്നു.

'ഇവോ' എന്ന ജെനോമിക്ക് എ.ഐ ലാംഗ്വേജാണ് ഉപയോഗിച്ചത്. ചാറ്റ് ജി.പി.ടി പോലുള്ളവയ്ക്ക് സമാനമായ എ.ഐയാണിത്

ഇ-കോളി ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ബാക്ടീരിയോഫേജ് ഫൈ എക്സ്-174

എന്ന വൈറസ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. സങ്കീർണമായ ഘടനയുള്ള വൈറസാണിത്. രണ്ടുദശലക്ഷത്തിലധികം ഫൈഎക്സ് 174 വൈറസുകളുടെ ജനിതഘടനയുടെ വിവരങ്ങൾ ഇവോയ്ക്ക് നൽകി. കൃത്യമായ നിർദ്ദേശങ്ങൾ (പ്രോംറ്റുകൾ) നൽകി പുതിയൊരു വൈറസിന്റെ ഘടന നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ഇ-കോളി ബാക്ടീരിയയെ നശിപ്പിക്കാൻ ശേഷിയുള്ള വൈറസിന്റെ ഡിജിറ്റൽ ബ്ലൂപ്രിന്റ് ഇവോ സൃഷ്ടിച്ചു.

ആന്റി ബയോട്ടിക് ഫലിക്കാത്ത

അവസ്ഥമാറും, മരണം കുറയും

മരുന്നുകളുടെ അമിതോപയോഗം കാരണം ആന്റിബയോട്ടിക്കുകൾക്ക് ബാക്ടീരിയയെ നശിപ്പിക്കാനോ

അസുഖം ഭേദമാക്കാനോ കഴിയാത്ത അവസ്ഥ (ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്) ലക്ഷക്കണക്കിന് രോഗികളെ വലയ്ക്കുന്നുണ്ട്.

ഇന്ത്യയിൽ ഒരുവർഷം ശരാശരി ആറുലക്ഷം പേർക്കാണ് ഇതുകാരണം ജീവൻ നഷ്ടമാകുന്നത്. ആന്റിബയോട്ടിക്കുകളിൽ നിന്ന് വ്യത്യസ്തമായി ബാക്ടീരിയോഫേജുകൾക്ക് പ്രത്യേക ബാക്ടീരിയയെ നശിപ്പിക്കാൻ ശേഷിയുണ്ട്. നിർമ്മിതബുദ്ധിയുടെ ഉപയോഗത്തോടെ കുറഞ്ഞസമയം കൊണ്ട് ഫലപ്രദമായ മരുന്നുകൾ കണ്ടെത്താമെന്ന് വിദഗ്ദ്ധർ പറയുന്നു.