മദ്യവില്പനയിൽ കുറവുണ്ടായെന്ന് മന്ത്രി എം.ബി.രാജേഷ്

Wednesday 01 October 2025 12:10 AM IST

തിരുവനന്തപുരം: വിമുക്തി മിഷൻ നിലവിൽവന്നതിന് ശേഷം സംസ്ഥാനത്ത് മദ്യവില്പനയിൽ കുറവുണ്ടായെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. 2011- 12ൽ 339.6 ലക്ഷം കെയ്സ് മദ്യം വി​റ്റപ്പോൾ 2024- 25ൽ 330.7 ലക്ഷം കെയ്സ് മാത്രമാണ് വി​റ്റത്. 2015-16ലാണ് ഏറ്റവും കൂടുതൽ കെയ്സ് മദ്യം വിറ്റത്- 355.95 ലക്ഷം. അതാണ് 339.6 ലക്ഷമായി കുറഞ്ഞതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.

വിമുക്തി മിഷന്റെ ഭാഗമായുള്ള ഡീ അഡിക്ഷൻ സെന്ററുകൾ വഴി 2025 ആഗസ്റ്റ് വരെ 1.52 ലക്ഷം പേർക്ക് ഒ.പിയിലും 12,114 പേർക്ക് ഐ.പിയിലും ചികിത്സ നൽകി.

മയക്കുമരുന്ന് മാഫിയയെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്നതാണ് സർക്കാരിന്റെ നയം. സംസ്ഥാനത്ത് 309 ബെവ്‌കോ ഔട്ട്ലെ​റ്റുകളാണുള്ളത്. തമിഴ്നാട്ടിൽ മദ്യശാലകൾ ഇതിന്റെ 10 ഇരട്ടിയും കർണാടകയിൽ 15 ഇരട്ടിയുമാണ്.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തിൽ കുട്ടികൾ അകപ്പെടാതിരിക്കാൻ സ്‌കൂളുകളിൽ സ്‌പോർട്സ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ടീം വിമുക്തി എന്ന പേരിൽ 1000 ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഈവർഷം 500 സ്‌കൂളുകളിൽ കൂടി ടീമുകൾ രൂപീകരിക്കും. ഇതിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.