ഭിന്നശേഷി നിയമനം ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി : മന്ത്രി
തിരുവനന്തപുരം: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ചില സ്‌കൂൾ മാനേജ്‌മെന്റുകൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി.
ഒഴിവുകൾ ബോധപൂർവം റിപ്പോർട്ട് ചെയ്യാത്ത മാനേജ്‌മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയാണ് സർക്കാർ നടപ്പിലാക്കുന്നത്. മാനേജ്‌മെന്റുകൾ കോടതിയിൽ കക്ഷിചേരാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ തയ്യാറായിരുന്നില്ല. വിധി നടപ്പാക്കുന്നതിനായി സംസ്ഥാന,ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന മാനേജ്‌മെന്റുകൾ മാത്രമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അയ്യായിരത്തോളം ഒഴിവുകളുള്ളപ്പോൾ 1500 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ളവ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കണം. എൻ.എസ്.എസ് മാനേജ്‌മെന്റിന് മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചതെന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലാ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണ്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമനാംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമനാംഗീകാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.