പത്തനംതിട്ട നഗരത്തിൽ പുതിയ നടപ്പാത
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ പുതിയ നടപ്പാതയുടെയും ഡ്രയിനേജിന്റെയും നിർമ്മാണം ആരംഭിച്ചു. നാല് ഘട്ടങ്ങളിലായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പത്തനംതിട്ട പി.ഡബ്ല്യു.ഡിയുടെ കീഴിലാണ് നിർമ്മാണം . സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ പണിയാണ് ആദ്യം . അഴൂർ റിംഗ് റോഡിലും നടപ്പാതയും ഡ്രയിനേജും നിർമ്മിക്കും. ഇതിനായി 98.4 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുപയോഗിച്ചാണ് പണി ആരംഭിച്ചത്. പരിയാരം - സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ കുമ്പഴ, അഴൂർ റിംഗ് റോഡ് എന്നിങ്ങനെ നാലുഘട്ടങ്ങളിലായാണ് നിർമ്മാണം നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് രണ്ട് വശങ്ങളിലും നടപ്പാത ക്രമീകരിക്കും. ഒരു വശത്താണ് ഡ്രെയിനേജ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിൽ നിന്ന് അഞ്ച് സെന്റീ മീറ്റർ ഉയർന്നാകും ഡ്രെയിനേജ് സ്ഥാപിക്കുക. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കടക്കാനായി സ്ലാബിടും.
ആശങ്ക ഒഴിയുന്നു
പുതിയ നടപ്പാതയുടെയും ഡ്രയിനേജിന്റെയും നിർമ്മാണത്തിലൂടെ നഗരത്തിലെ പ്രധാന ആശങ്കയ്ക്ക് അറുതിയാകും. മഴപെയ്താൽ വെള്ളം നിറഞ്ഞ് വഴി നടക്കാൻ കഴിയാത്ത റോഡാണിത്. നിരവധിയാളുകൾ ദിനവും സഞ്ചരിക്കുന്ന റോഡിന്റെ ഏറ്റവും തിരക്കേറിയ ഭാഗമാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ. കളക്ടറേറ്റ്, ജനറൽ ആശുപത്രി, ലാബുകൾ, ക്ഷേമനിധി ഓഫീസുകൾ തുടങ്ങി അനവധി ആളുകളെത്തുന്ന ഈ റോഡിൽ നടപ്പാതയില്ലാത്തത് വഴിയാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടിനും പരിഹാരം കാണാൻ പുതിയ നടപ്പാതയുടേയും ഡ്രയിനേജിന്റെയും നിർമ്മാണത്തിലൂടെ കഴിയും.
നിർമ്മാണം ഘട്ടംഘട്ടമായി പൂർത്തീകരിക്കും. ഡ്രെയിനേജ് നിർമ്മാണവും നടപ്പാതയും വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമം.
പി.ഡബ്ല്യു.ഡി അധികൃതർ