വാരപ്പെട്ടിയുടെ കണ്ണാണ് ബെന്നി
കോതമംഗലം : അന്ധതയുടെ ലോകത്ത് നിന്ന് പലരെയും കാഴ്ചയുടെ ലോകത്തേക്ക് കൈ പിടിച്ചു കയറ്റാൻ കാരണക്കാരനായതിന്റെ നിർവൃതിയിലാണ് കോതമംഗലം വാരപ്പെട്ടി ഇഞ്ചൂർ മോളേൽ കുടുബാംഗമായ എം.എസ്.ബെന്നി. ഇതുവരെ ആയിരത്തിയിരുന്നൂറിലേറെ പേർ ഇദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രയത്നത്തിലൂടെ കാഴ്ച നേടിയിട്ടുണ്ട്. മുഴുവൻ സമയ പൊതുപ്രവർത്തകനാണ്. ആത്മീയ പ്രവർത്തനവും ജീവിതത്തിന്റെ ഭാഗം. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ. ഒരു മരണമുണ്ടായെന്ന വിവരം ലഭിച്ചാൽ അവിടെയെത്തി അടുത്ത ബന്ധുക്കളുമായി സംസാരിച്ച് നേത്രദാനത്തിനായുള്ള സമ്മതം നേടിയെടുക്കുകയാണ് ബെന്നി ചെയ്യുന്നത്. അങ്ങനെ ഇതുവരെ എഴുന്നൂറോളം പേരുടെ നേത്രം ദാനം ചെയ്യിച്ചു. ഒരാളുടെ നേത്രദാനത്തിലൂടെ കാഴ്ച ലഭിക്കുന്നത് രണ്ട് പേർക്കാണ്.
വഴിയൊരുക്കിയത് ക്യാമ്പ്
33 വർഷമായി ഈ രംഗത്ത് എം.എസ്.ബെന്നിയുടെ സേവനം സമൂഹത്തിന് ലഭിക്കുന്നുണ്ട്. 1992 മുതലാണ് ബെന്നി നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം ഏറ്റെടുത്തത്. അന്ന് യാക്കോബായ യൂത്ത് അസോസിയേഷന്റെ അങ്കമാലി ഭദ്രാസന സെക്രട്ടറിയായിരുന്നു. യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച ക്യാമ്പിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോക്ടർ നേത്രദാനത്തേക്കുറിച്ച് നടത്തിയ ക്ലാസാണ് വഴിത്തിരിവായത്. തുടർന്നിങ്ങോട്ട് നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുക തന്റെ ജീവിതലക്ഷ്യമായി ബെന്നി ഏറ്റെടുത്തു. നേത്രദാനം നടത്തണമെന്ന ആവശ്യവുമായി ചെല്ലുമ്പോൾ ആദ്യമൊക്കെ വിസമ്മതിക്കുന്നവരായിരുന്നു കൂടുതൽ. ഇപ്പോൾ നേരിട്ട് പരിചയമില്ലാത്തവർ പോലും ബെന്നിയെ ഇക്കാര്യത്തിനായി വിളിക്കും. സ്വന്തം മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും കണ്ണുകൾ ദാനം ചെയ്ത് മാതൃകയായി. നേത്രദാനത്തിൽ മാത്രമല്ല രക്തദാനത്തിലും ബെന്നിയുടെ പ്രോത്സാഹനമുണ്ട്.
നേത്രദാനം മഹാദാനം
ഏത് പ്രായത്തിലുള്ളവർക്കും നേത്രദാനം നടത്താം.
മരണം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിലാണ് നേത്രദാനം നടത്തേണ്ടത്.
പകരം മറ്റൊരു നേത്രപടലം വെക്കും. അതിനാൽ വൈരൂപ്യമുണ്ടാകുമെന്ന ആശങ്ക വേണ്ട.
നേത്രദാനത്തിന് സന്നദ്ധത അറിയിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. തുടക്കകാലത്ത് വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നു. ഫോൺ സൗകര്യത്തിന്റെ അഭാവം, ആശയ വിനിമയത്തിലെ കാലതാമസം, ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ എന്നിവയെല്ലാം അതിജീവിച്ചാണ് മുന്നോട്ടുനീങ്ങിയത്.
എം.എസ്.ബെന്നി