ആലുവ എസ്.എൻ.ഡി.പി സ്കൂളിലെ പഠിപ്പുരമാളികയ്ക്ക് സംരക്ഷണമൊരുങ്ങും

Wednesday 01 October 2025 12:51 AM IST

ആലുവ: 1914ൽ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച്, ചരിത്രത്തിന്റെ ഭാഗമായ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പഠിപ്പുരമാളികയ്ക്ക് സംരക്ഷണമൊരുങ്ങുന്നു. ഇതിന് പ്രത്യേക പരിഗണന നൽകുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നിയമസഭയിൽ കേരള പൊതുരേഖ ബിൽ ചർച്ചയിൽ പങ്കെടുത്ത് അൻവർ സാദത്ത് എം.എൽ.എ സ്കൂൾ പഠിപ്പുരമാളികയുടെ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സ്കൂൾ വളപ്പിലെ വൈദിക മഠം സംരക്ഷിക്കുന്നുണ്ടെങ്കിലും പഠിപ്പുരമാളിക ശോച്യാവസ്ഥയിലാണ്. കെട്ടിടം കാലപ്പഴക്കം ആരോപിച്ച് പൊളിച്ച് നീക്കണമെന്നാണ് നഗരസഭ അധികൃതർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അൻവർ സാദത്ത് എം.എൽ.എ വിഷയം നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്കൂൾ അധികൃതർ മുൻകൈയ്യെടുത്ത് പഠിപ്പുരമാളിക സംരക്ഷിക്കുന്നതിന് വിപുലമായ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നുണ്ട്.

കവിതകൾ പിറന്നയിടം

മഹാകവി കുമാരനാശാനും ഡോ. പൽപ്പുവുമെല്ലാം സംഗമിച്ചിരുന്നത് പഠിപ്പുരമാളികയിലായിരുന്നു. കരുണ ഉൾപ്പെടെ നിരവധി കൃതികൾ കുമാരനാശാന്റെ തൂലികയിൽ പിറന്നത് പഠിപ്പുരമാളികയിൽ വെച്ചാണ്. ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന് ശേഷം സമ്മേളനത്തിൽ പങ്കെടുത്തവർ പഠിപ്പുര മാളികയ്ക്ക് മുമ്പിൽ നിന്നെടുത്ത ചിത്രങ്ങളെല്ലാം ഇപ്പോഴുമുണ്ട്.

പഠിപ്പുര മാളിക പ്രത്യേക ഫണ്ട് കണ്ടെത്തി സംരക്ഷിക്കുന്നത് പുതുതലമുറക്ക് വലിയ അറിവുകൾ നൽകും

അൻവർ സാദത്ത്

എം.എൽ.എ

എസ്.എൻ.ഡി.പി സ്കൂളിലെ പഠിപ്പുരമാളിക സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന നൽകും

രാമചന്ദ്രൻ കടന്നപ്പള്ളി

മന്ത്രി