മത്തിക്ക് ഭീഷണിയായി കാലാവസ്ഥയിലെ മാറ്റങ്ങൾ
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞവർഷം മത്തിക്കുഞ്ഞുങ്ങൾ വർദ്ധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണ്.
മത്തിയുടെ ലഭ്യതയിൽ സമീപകാലങ്ങളിൽ വലിയ വ്യതിയാനമുണ്ടായി. 2012ൽ നാലുലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ ലഭിച്ച മത്തി 2021ൽ 3,500 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം പത്ത് സെന്റിമീറ്റർ വലിപ്പമുള്ള കുഞ്ഞൻമത്തി വൻതോതിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ കൂട്ടത്തോടെ കരയ്‌ക്കടിഞ്ഞു.
കഴിഞ്ഞവർഷം അനുകൂലമായ മൺസൂൺ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാൻ കാരണമായി. ലാർവകളുടെ അതിജീവനം കൂടുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവുണ്ടാകുകയും ചെയ്തു.
മത്തിക്കുഞ്ഞുങ്ങൾ കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയിൽ കുറവുണ്ടായി. ഇതുമൂലം വളർച്ച മുരടിക്കാനും തൂക്കം കുറയുന്നതിനും കാരണമായി. മത്തിയുടെ വില കുത്തനെ ഇടിഞ്ഞു. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചു.