ഫൈനലിനിടെ പാക് താരങ്ങള്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു; തുണയായത് സൂര്യയുടെ വാക്കുകളെന്ന് തിലക് വര്‍മ്മ
ഹൈദരാബാദ്: ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് തിലക് വര്‍മ്മ പുറത്തെടുത്തത്. ഇന്ത്യന്‍ ജയത്തില്‍ താരത്തിന്റെ സൂപ്പര്‍ പ്രകടനത്തെ വാഴ്ത്തുകയാണ് രാജ്യമൊന്നാകെ. 69 റണ്‍സാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ താരം നേടിയത്. ഇപ്പോഴിതാ മത്സരത്തിനിടെ പാകിസ്ഥാന്‍ താരങ്ങളില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം.
ഹൈദരാബാദില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിലക് വര്‍മ്മ. ഫൈനല്‍ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ പാക് താരങ്ങള്‍ തന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ താന്‍ അത് ശ്രദ്ധിക്കാതിരിക്കുകയായിരുന്നുവെന്നും തിലക് വര്‍മ്മ പറഞ്ഞു. പാകിസ്ഥാന്‍ ടീം, ഇന്ത്യന്‍ ടീമിന് ഒരു എതിരാളിയേ അല്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നോട് പറഞ്ഞിരുന്നുവെന്നും തിലക് വെളിപ്പെടുത്തി.
147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20ന് മൂന്ന് എന്ന നിലയില്‍ ആയിരുന്നു. അവിടെ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദൂബെ എന്നിവര്‍ക്കൊപ്പം തിലക് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പാക് പേസര്‍ ഹാരിസ് റൗഫ് തിലകിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിയുകയും ചെയ്തു.