കല്ല് വീഴുന്നു: ചുരം യാത്ര വീണ്ടും ആശങ്കയിൽ

Wednesday 01 October 2025 12:53 AM IST
കല്ല് വീഴുന്നു: ചുരം യാത്ര വീണ്ടും ആശങ്കയിൽ

കോഴിക്കോട്: ഒരു മാസം മുമ്പ് മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ട താമരശ്ശേരി ചുരത്തിൽ ആശങ്ക ഒഴിയുന്നില്ല. ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് ഉരുണ്ടുവീണതിനെ തുടർന്നാണിത്. ചുരത്തിൽ എട്ടും ഒമ്പതും വളവുകൾക്കിടയിൽ റോഡിന് വീതി വളരെ കുറവാണ്. ഇവിടെയാണ് തിങ്കളാഴ്ച വെെകിട്ട് കൂറ്റൻ പാറക്കല്ല് വീണത്. ഈ സമയത്ത് റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്. റോഡിനു നടുവിൽ കിടന്ന കല്ല് അതുവഴി വന്ന ജീപ്പ് യാത്രക്കാർ ഉരുട്ടി വശത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസും സ്ഥലത്തെത്തിയിരുന്നു. പാറക്കല്ല് വീണ സ്ഥലത്തിന് സമീപത്താണ്, മാസങ്ങൾക്ക് മുമ്പ് മലമുകളിൽ നിന്ന് കല്ല് വീണ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചത്. സമാനമായ രീതിയിൽ അപകട സാദ്ധ്യത നിലനിൽക്കുന്നതിനാൽ ചുരം റോഡ് സംരക്ഷണത്തിന് സമഗ്ര പാക്കേജ് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയാണ്.

ആഗസ്റ്റ് അവസാനമാണ് വ്യൂപോയിന്റിന് സമീപം പാറക്കല്ലുകളും മണ്ണുമിടിഞ്ഞ് കോഴിക്കോട്, വയനാട് ജില്ലകൾ തമ്മിലുള്ള ഗതാഗതം തടസപ്പെട്ടത്. കോഴിക്കോട് ജില്ല കളക്ടർ സ്ഥലത്ത് എത്താതിരുന്നത് അന്ന് വിവാദമായി. തുടർന്ന് അദ്ദേഹവും ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും മറ്റു വിദഗ്ദ്ധരും സ്ഥലം സന്ദർശിച്ച് പഠനം നടത്തിയിരുന്നു. പാറകളിൽ പടർന്നുപിടിച്ച വൃക്ഷങ്ങളുടെ വേരുകളിലൂടെ വെള്ളമിറങ്ങിയും മറ്റുമാണ് അന്ന് മണ്ണിടിച്ചിലുണ്ടായത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രം അധികൃതർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ടു നൽകുമെങ്കിലും ശാശ്വതമായ പരിഹാര നടപടികളുണ്ടാകുന്നില്ലെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. വർഷങ്ങൾക്ക് മുമ്പും ചുരത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ വിദഗ്ദ്ധർ സന്ദർശിച്ചിരുന്നു. മണ്ണും കൂറ്റൻ പാറക്കല്ലുകളും എപ്പോഴും ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുണ്ടെന്ന് അന്നുതന്നെ അവർ അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും ഒരു സുരക്ഷാനടപടിയും കെെക്കൊണ്ടില്ല.

അരുത്, അവഗണന

ആനക്കാംപൊയിൽ- വയനാട് തുരങ്കപാതയോ മറ്റ് ബദൽ റോഡുകളോ വന്നാൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. അവയുടെ പേരിൽ ചരിത്ര പ്രാധാന്യമുള്ള ചുരം റോഡിനെ അവഗണിക്കരുതെന്നാണ് അവരുടെ ആവശ്യം. ചുരം റോഡിന് സമാന്തരമായ നിർദ്ദിഷ്ട ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസ് റോഡ് ഡി.പി.ആറിന് ടെൻഡർ ക്ഷണിച്ചിട്ടുള്ളത് ആശ്വാസമാണ്. ഇത് എളുപ്പം സാദ്ധ്യമാക്കണമെന്നാണ് ആവശ്യം. 'വരണം ചുരം ബെെപാസ്, മാറണം ദുരിതയാത്ര' എന്ന മുദ്രാവാക്യവുമായി ബെെപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളും സംയുക്തമായി ഈയിടെ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ജനകീയ സമരജാഥ സംഘടിപ്പിച്ചിരുന്നു.