അത് സമ്മർദ്ദമായിരുന്നില്ല , അവസരം : സഞ്ജു സാംസൺ

Tuesday 30 September 2025 11:41 PM IST

ഷാർജ : ഏഷ്യ കപ്പ് ഫൈനലിൽ 20/3 എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയപ്പോൾ സമ്മർദമായല്ല നല്ലൊരു ഇന്നിംഗ്സ് കളിക്കാനുള്ള അവസരമായാണ് കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ. ആ അവസരം വിനിയോഗിക്കാൻ സാധിച്ചതിലും നന്നായി കളിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഷാർജ സക്സസ് പോയന്റ് കോളജിൽ നൽകിയ സ്വീകരണശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സഞ്ജു.

സമ്മർദങ്ങൾ കൈകാര്യം ചെയ്യാനാണ് ഇത്രയും വർഷം ഇന്ത്യൻ ടീമിന് അകത്തും ബെഞ്ചിലും പുറത്തുമായിരുന്ന് പഠിച്ചതെന്നും സഞ്ജു പറഞ്ഞു.ബാറ്റിംഗ് പൊസിഷൻ സംബന്ധിച്ച ചോദ്യത്തോട് ലാലേട്ടന്റെ ആറ്റിറ്റ്യൂ‍ഡ് സ്വീകരിച്ചെന്നാണ് സഞ്ജു പ്രതികരിച്ചത്. ''അപ്പോൾ ഏതൊരു റോളും എടുക്കാം. എവിടെ കളിപ്പിച്ചാലും നമ്മൾ അതു മനസ്സുകൊണ്ട് അംഗീകരിച്ചാൽ കുഴപ്പമില്ല. സാധാരണ കളിക്കുന്നതുപോലെ, ആദ്യം അങ്ങ് പാഡിട്ടു പോകുന്നതിനേക്കാൾ ടീമും കോച്ചും ആവശ്യപ്പെടുന്നതുപോലുള്ള റോൾ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ, പെട്ടെന്ന് സ്കോർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ഫൈനലിൽ പാർട്ണർഷിപ്പ് ബിൽഡ് ചെയ്യാനായിരുന്നു നിർദേശം.’’– സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പിൽ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിന് ‘‘അങ്ങനെയൊന്നുമില്ല, എല്ലാ സിനിമകളും കിട്ടില്ലല്ലോ. ചില സിനിമകളെ കിട്ടൂ, അതിൽ പല റോളുകൾ കിട്ടും. അതങ്ങ് ചെയ്യാൻ നോക്കുക. കിട്ടാത്ത റോളിൽ വീട്ടിലിരിക്കാൻ നോക്കുക. സിമ്പിളാണ്.’’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ക്രിക്കറ്ററായില്ലായിരുന്നെങ്കിൽ സിനിമാ താരമാകുമായിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി. ബേസിൽ ജോസഫ് അടുത്ത കൂട്ടുകാരനല്ലെ ഒരു റോൾ ചോദിച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ ബേസിലൊക്കെ അക്കാര്യത്തിൽ വളരെ പ്രഫഷണൽ ആണെന്നും അങ്ങനെയൊന്നും ചെയ്യില്ലെന്നും സഞ്ജു പറഞ്ഞു