ബ്രഹ്മോസ് തലസഥാനത്ത് നിന്ന് മാറ്റില്ല

Wednesday 01 October 2025 1:01 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ മിസൈൽ അനുബന്ധ നിർമ്മാണ യൂണിറ്റായ ബ്രഹ്മോസ് എയ്രോസ്‌പേസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനോ കേരളത്തിൽ നിന്ന് മാറ്റാനോ തീരുമാനമില്ല. തന്ത്രപ്രധാന സ്ഥാപനമായതിനാൽ ബ്രഹ്മോസിനെ ഡി.ആർ.ഡി.ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് ശ്രമമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയെ അറിയിച്ചു.

സ്ഥാപനത്തെ മാതൃ കമ്പനിയിൽ നിന്ന് വേർപെടുത്താനുള്ള നീക്കത്തിൽ ജീവനക്കാർക്കിടയിലെ ആശങ്കയെത്തുടർന്ന് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾക്ക് ലഭിച്ച മറുപടിയിലാണിത്. കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള എം.എൽ.എമാരാണ് സഭയിൽ ചോദ്യം ഉന്നയിച്ചത്.

സ്ഥാപനം അടച്ചുപൂട്ടാൻ നീക്കമെന്ന ആശങ്ക ഉയർന്നപ്പോൾ, മുഖ്യമന്ത്രി കഴിഞ്ഞ ഓഗസ്റ്റ് 7ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമാണെന്നും ജീവനക്കാരുടെ ആശങ്ക വലുതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ലോക്സഭയിലും സമാനമായ ഉറപ്പുനൽകിയിട്ടുണ്ട്. ഡിആർഡിഒ ഭൂരിഭാഗം ഓഹരികളും കൈവശം വച്ച് നിലവിലുള്ള സ്ഥിതിയിൽ കമ്പനി പ്രവർത്തിക്കും. കരാർ, താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ സുരക്ഷയും അവകാശങ്ങളും തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രഹ്മോസിന്റെ വികസന പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് 200 ഏക്കർ ഭൂമി അനുവദിക്കുന്നത് പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മിസൈൽ നിർമ്മാണം ഉൾപ്പെടെയുള്ള തന്ത്രപ്രധാന പദ്ധതികൾക്കായി നെട്ടുകാൽത്തേരിയിൽ ഭൂമി കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും സംസ്ഥാന സർക്കാർ സ്ഥാപനമായിരുന്ന കെൽടെക്കാണ് 2007ൽ ബ്രഹ്മോസിന് കൈമാറിയത്. അന്നുണ്ടാക്കിയ കരാർ പ്രകാരം, കേന്ദ്രം ഓഹരികൾ ഒഴിവാക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് പ്രഥമ പരിഗണനയുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.