മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നഴ്സിംഗ് കോളേജുകളുടെ അനുമതിക്ക് വഴിവിട്ട നീക്കം
തിരുവനന്തപുരം: ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വാശ്രയ മാനേജ്മെന്റുകൾക്ക് പുതിയ നഴ്സിംഗ് കോളേജുകൾ അനുവദിക്കാൻ സംസ്ഥാന കൗൺസിലിന്റെ വഴിവിട്ട നീക്കം. ആവശ്യത്തിന് സൗകര്യമൊരുക്കാത്ത ചിറയിൻകീഴിലെ പുതിയ കോളേജിനും ചട്ടം ലംഘിച്ച് തിരുവനന്തപുരത്തു തന്നെ മറ്റൊരു കോളേജിനും അനുമതി നൽകാനാണ് ശ്രമം.
മതിയായ പഠന സൗകര്യങ്ങളില്ലാത്ത കോളേജുകൾക്ക് അനുമതി നൽകരുതെന്ന കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്ന് നിരന്തരം തുടർപരിശോധന നടത്തി ചിറയിൻകീഴിലെ കോളേജിന് അനുമതി നൽകാനാണ് കേരള നഴ്സിംഗ് കൗൺസിലിന്റെ നീക്കം. അനുമതിക്കായി ഒരു വർഷം രണ്ടുപരിശോധന മാത്രമേ നടത്താവൂ എന്ന മാനദണ്ഡം ലംഘിച്ച് നാലാമതും പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എങ്ങനെയും അനുമതി നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം.
40 സീറ്റിനാണ് കോളേജ് അപേക്ഷിച്ചത്. ഇതിൽ ഒരു വിദ്യാർത്ഥിക്ക് മൂന്ന് കിടപ്പുരോഗികൾ വീതവും ആകെ കിടക്കകളുടെ 75%ത്തിലും പരിശോധന നടക്കുന്ന ദിവസം രോഗികളുണ്ടാകണം എന്നാണ് വ്യവസ്ഥ. മൂന്നുതവണ പരിശോധന നടത്തിയപ്പോഴും ഇത് പാലിക്കാനായില്ല. നാലാമത്തെ പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടായെന്നാണ് വിവരം.
തമിഴ്നാട് അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു നഴ്സിംഗ് കോളേജിന് തിരുവനന്തപുരം നഗരത്തിൽ ഒരു കോളേജ് കൂടി അനുവദിക്കാനാണ് മറ്റൊരു നീക്കം.
ഒരു ജില്ലയിൽ ഒരു മാനേജ്മെന്റിന് കീഴിൽ ഒന്നിലധികം നഴ്സിംഗ് കോളേജുകൾ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണിത്. ഇവിടെയും പലവട്ടം പരിശോധിച്ചിട്ടും അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.
സീറ്റുകളും വാരിക്കോരി
പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള നഴ്സിംഗ് കോളേജുകളെ ഒഴിവാക്കി പ്രവർത്തനപരിചയം കുറവായ കോളേജുകൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കുന്നുവെന്നും ആക്ഷേപം. തൊടുപുഴയിലെ ഒരു കോളേജിന് ഇത്തരത്തിൽ 50ൽ നിന്ന് 100 സീറ്റാക്കി വർദ്ധിപ്പിച്ചത് ഇക്കൊല്ലമാണ്.