സിറ്റിസൺ കണക്ടിലെ പരാതിക്ക് 48 മണിക്കൂറിനകം നടപടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി എന്നോടൊപ്പം എന്ന സിറ്റിസൺ കണക്ടിൽ കിട്ടുന്ന പരാതികളിൽ 48മണിക്കൂറിനുള്ളിൽ നടപടി വേണമെന്ന് സർക്കാർ ഉത്തരവിറക്കി.നവകേരള നിർമ്മിതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കുക,സർക്കാരിന്റെ വികസന ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ് സിറ്റിസൺ കണക്ട് സെന്ററിന്റെ ചുമതല.
സർക്കാർ നിയോഗിക്കുന്ന രണ്ടു കെ.എ.എസ് ഉദ്യോഗസ്ഥർക്കായിരിക്കും ഇതിന്റെ ചുമതല.ഇവരിൽ ഒരാൾ സദാസമയവും സെന്ററിന്റെ ചുമതലയിലുണ്ടാകും.ജില്ലകളിൽ കളക്ടർമാർക്കാണ് ചുമതല.സഹായത്തിനായി ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. കിട്ടുന്ന പരാതികൾ സിറ്റിസൺ കണക്ടിൽ നിന്ന് അതത് വകുപ്പുകളിലേക്ക് അയക്കും.വകുപ്പിൽ നിന്ന് നടപടി റിപ്പോർട്ട് 48മണിക്കൂറിനുള്ളിൽ കിട്ടിയിരിക്കണം.അത് ഉറപ്പാക്കേണ്ടത് നോഡൽ ഓഫീസറുടെ ചുമതലയാണ്. സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരം നോഡൽ ഓഫീസർ സിറ്റിസൺ കണക്ട് ചുമതലയുള്ള ഓഫീസറെ അറിയിക്കണം .ഈ ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്ത് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നുമാണ് ഉത്തരവിലുള്ളത്.പരാതികളിലെ നടപടി പരാതിക്കാരനെ നേരിട്ട് സിറ്റിസൺ കണക്ടിൽ നിന്ന് വിളിച്ച് അറിയിക്കണം.തിരുവനന്തപുരം വെള്ളയമ്പലത്താണ് സിറ്റിസൺ കണക്ട് സെന്റർ.29 നാണ് മുഖ്യമന്ത്രി പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. ഇതിനകം 40 ഓളം ഉദ്യോഗസ്ഥരെ ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്.