വെറുതേയല്ല മത്തി കിട്ടാനില്ലാത്തത്; ഒടുവില്‍ കാരണം കണ്ടെത്തി ഗവേഷകര്‍

Wednesday 01 October 2025 12:47 AM IST

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം മത്തിക്കുഞ്ഞുങ്ങള്‍ വര്‍ദ്ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണ്.

മത്തിയുടെ ലഭ്യതയില്‍ സമീപകാലങ്ങളില്‍ വലിയ വ്യതിയാനമുണ്ടായി. 2012ല്‍ നാലുലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി 2021ല്‍ 3,500 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള കുഞ്ഞന്‍മത്തി വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു.

കഴിഞ്ഞവര്‍ഷം അനുകൂലമായ മണ്‍സൂണ്‍ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാര്‍വകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങള്‍ പെരുകാന്‍ കാരണമായി. ലാര്‍വകളുടെ അതിജീവനം കൂടുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവുണ്ടാകുകയും ചെയ്തു.

മത്തിക്കുഞ്ഞുങ്ങള്‍ കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയില്‍ കുറവുണ്ടായി. ഇതുമൂലം വളര്‍ച്ച മുരടിക്കാനും തൂക്കം കുറയുന്നതിനും കാരണമായി. മത്തിയുടെ വില കുത്തനെ ഇടിഞ്ഞു. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചു.