മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ ബോട്ടുടമകളുടെ നഷ്ടം 5.93 കോടി
ഇതുവരെ ലഭിച്ചത് 159 പരാതികൾ
കൊല്ലം: പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽ നിന്നു നിന്നു വീണ കണ്ടെയ്നറുകളിൽ ബോട്ടുകൾ തട്ടിയും വലകൾ കുരുങ്ങിയും മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം 5.93 കോടി. ആകെ 159 പരാതികളാണ് ഇതുവരെ ലഭിച്ചത്.
ബോട്ടുകൾക്കും വലകൾക്കും കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരാതി ഉയർന്നത് കൊല്ലം ജില്ലയിലാണ്. പരാതികൾ കൊല്ലത്തെക്കാൾ കുറവാണെങ്കിലും ഏറ്റവും കൂടുതൽ നഷ്ടം കണക്കാക്കിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. എം.എസ്.സി എൽസ 3 യിൽ നിന്നു കടലിൽ പതിച്ച കണ്ടെയ്നറുകൾ കൊല്ലം ഭാഗത്തേക്കാണ് ഒഴുകിയത്. എറണാകുളം ഭാഗത്തുള്ള ബോട്ടുകൾ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിലെത്തി മത്സ്യബന്ധം നടത്തിയപ്പോഴാണ് കണ്ടെയ്നറുകളിൽ തട്ടി കേടുപാടുകൾ സംഭവിച്ചത്.
ബോട്ടുടമകളാണ് പരാതിക്കാർ. ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. മുങ്ങിയ കപ്പലിൽ നിന്നു കണ്ടെയ്നറുകൾ ഇനിയും നീക്കാത്തതിനാൽ മത്സ്യബന്ധന ബോട്ടുകൾക്കും വലകൾക്കും കേടുപാട് സംഭവിക്കുന്നത് തുടരാനാണ് സാദ്ധ്യത.
ജില്ല, പരാതി, നഷ്ടം
തിരുവനന്തപുരം: 3, തുക കണക്കാക്കിയിട്ടില്ല കൊല്ലം: 78, 21 ലക്ഷം ആലപ്പുഴ: 52, 1.62 ലക്ഷം എറണാകുളം: 26, 2.20 ലക്ഷം
അയല മുട്ടകൾ ചുരുങ്ങുന്നു
കപ്പൽ മുങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കൊല്ലം തീരത്തെ അയല മുട്ടകൾ ചുരുങ്ങിയെന്ന് കുഫോസിന്റെ പഠനറിപ്പോർട്ട്. കപ്പൽ മുങ്ങിയ ശേഷം മേയ് 24നും 30നും ഇടയിൽ കൊല്ലം തീരത്ത് 10 മീറ്റർ ആഴമുള്ള സ്ഥലത്ത് നിന്നും ശേഖരിച്ച അയലമുട്ടകൾ എഴുപത് ശതമാനം ചുരുങ്ങിയെന്നാണ് കണ്ടെത്തൽ. കണ്ടെയ്നറുകളിൽ നിന്നും ചോർന്ന കുമ്മായം കടൽ ജലത്തിന്റെ പി.എച്ച് നിലവാരത്തിലും ക്ഷാരാശം എന്നിവയിൽ വരുത്തിയ മാറ്റമാകാം മുട്ട ചുരുങ്ങാൻ കാരണമെന്നാണ് നിഗമനം. മുങ്ങിയ കപ്പലിൽ ആകെ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ വസ്തുക്കളുള്ളത്. അതിൽ 12 എണ്ണത്തിൽ ക്തസ്യം കാർബൈഡാണ്.