ലിങ്ക് റോഡ് നാലാംഘട്ടം: കിഫ്ബിയിൽ പ്രതീക്ഷയോടെ 75 കോടിയുടെ എസ്റ്റിമേറ്റ്

Wednesday 01 October 2025 1:23 AM IST

 അനുമതി അടുത്തമാസം നൽകിയേക്കും

കൊല്ലം: കടവൂർ പള്ളിക്ക് സമീപം ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ട വികസനത്തിന്റെ 74 കോടിയുടെ എസ്റ്റിമേറ്റിന് അടുത്തമാസം ചേരുന്ന കിഫ്ബി യോഗം അനുമതി നൽകുമെന്ന് സൂചന. കിഫ്ബി സി.ഇ.ഒയുമായി ചർച്ച ചെയ്താണ് തോപ്പിൽക്കടവിന് പകരം കടവൂർ പള്ളിക്കടുത്തേക്ക് നീട്ടുന്ന പുതിയ രൂപരേഖ തയ്യാറാക്കിയത്.

അതിന് പുറമേ എസ്റ്റിമേറ്റിൽ 121 കോടിയുടെ കുറവ് വന്നതും പ്രതീക്ഷ നൽകുന്നു. സാങ്കേതിക പ്രശ്നങ്ങൾക്ക് പുറമേ സാമ്പത്തിക പ്രതിസന്ധിയുമുള്ളതിനാലാണ് തോപ്പിൽക്കടവിലേക്ക് നീട്ടാനുള്ള 195 കോടിയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നൽകാതിരുന്നത്. തുടർന്നാണ് എം. മുകേഷ് എം.എൽ.എ ലിങ്ക് റോഡ് കടവൂർ പള്ളിക്കടുത്തേക്ക് നീട്ടി അവിടെ നിന്നു കുരീപ്പുഴയിലേക്ക് പുതിയ പാലം നിർമ്മിക്കുന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴ പാണമുക്കത്തേക്കുള്ള പാലത്തിന് ഏകദേശം 65 കോടി ചെലവ് വരുന്ന രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ദേശീയപാതയി​ലേക്കുള്ള ബൈപ്പാസ്

ലിങ്ക് റോഡ് കടവൂർ പള്ളിക്ക് സമീപത്തേക്ക് നീട്ടുന്നതിനൊപ്പം കോട്ടയത്ത് കടവിൽ നിന്നു കൂരീപ്പുഴയിലേക്ക് പാലം കൂടി വരുന്നതോടെ നഗരഹൃദയത്തിൽ നിന്നു ദേശീയപാതയി​ലേക്ക് പുതിയ ബൈപ്പാസ് രൂപപ്പെടും.

പഴയ രൂപരേഖ

 ഓലയിൽക്കടവ്- തോപ്പിൽക്കടവ്: 1.5 കി. മീറ്റർ

 എസ്റ്റിമേറ്റ്: 195 കോടി

പുതിയ രൂപരേഖ

 ഓലയിൽക്കടവ്- കടവൂർ പള്ളി: 580 മീറ്റർ

 എസ്റ്റിമേറ്റ്: 74 കോടി

 ചെലവിലെ കുറവ് 121 കോടി

ലിങ്ക് റോ‌ഡ് കടവൂർ പള്ളിക്ക് അടുത്തേക്ക് നീട്ടുന്നതിനുള്ള പുതിയ എസ്റ്റിമേറ്റ് കെ.ആർ.എഫ്.ബി കിഫ്ബിക്ക് നൽകിയിട്ടുണ്ട്. വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ

എം. മുകേഷ് എം.എൽ.എ