യുവാവിനെ യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി മർദ്ദിച്ചെന്ന്
കൊട്ടാരക്കര: രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ നെടുവത്തൂർ കുറ്റിക്കാട് ലക്ഷംവീട് രാഹുൽ ഭവനത്തിൽ ആർ.രാഹുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരക്കഷണം കൊണ്ടുള്ള അടിയിൽ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ ചാലൂക്കോണം കളങ്ങുവിള വീട്ടിൽ ആർ.ശിവകുമാറിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. മുൻമുഖ്യമന്ത്രിയുടെ പേരിലുള്ള ട്രസ്റ്റ് വഴി വീട് നൽകാമെന്ന് പറഞ്ഞാണ് ശിവകുമാർ ഈ വീടുമായി അടുപ്പം സ്ഥാപിച്ചത്. രാത്രിയിൽ രാഹുൽ വീട്ടിലെത്തിയപ്പോൾ ശിവകുമാർ വീട്ടിലുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാഹുലിനെ മർദ്ദിച്ചത്. ചവിട്ടി താഴെ വീഴ്ത്തിയ ശേഷം മരക്കഷണം കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തുടർന്ന് ശിവകുമാർ ഓടി രക്ഷപ്പെട്ടുവെന്നാണ് പരാതി.