'കാലങ്ങൾ' പെയ്ത ചെണ്ടമേളമൊരുക്കി പവിഴമല്ലിത്തറയിൽ ജയറാം 

Wednesday 01 October 2025 1:52 AM IST
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടൻ ജയറാം പ്രമാണിയായി നടന്ന പവിഴമല്ലിത്തറ മേളത്തിൽ നിന്ന്. മട്ടന്നൂർ ശ്രീരാജ് സമീപം

ചോറ്റാനിക്കര: ചോറ്റാനിക്കര നടയിലെ പവിഴമല്ലിത്തറയിൽ ചെണ്ടയിൽ വസന്ത'കാലം" ഒരുക്കി നടൻ ജയറാമിന്റെ താളമേള നൈവേദ്യം.

രണ്ടര മണിക്കൂറിലേറെ 'കാലങ്ങൾ' പെയ്തിറങ്ങിയ ശീവേലിയിൽ ജയറാം പ്രമാണിയായി.

ഇന്നലെ രാവിലെ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ, ജയറാമിന്റെ നേതൃത്വത്തിൽ 125 വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളത്തോടു കൂടിയാണ് ദേവിയെ ശീവേലിക്ക് എഴുന്നള്ളിച്ചത്.

കൊടിമരച്ചുവട്ടിൽ പതികാലത്തിൽ മേളം തുടങ്ങിയപ്പോൾ തന്നെ മേളക്കമ്പക്കാർ ആവേശത്തിലായി. രാംരാജിന്റെ ബ്രാൻഡ് അംബാസഡറായ ജയറാമിന്റെ മേളം ആസ്വദിക്കാൻ ഫൗണ്ടർ ഡയറക്ടർ എൻ.കെ. നാഗരാജും എത്തിയിരുന്നു.

രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടിക്കയറി മേളം അഞ്ചാംകാലത്തിൽ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ ആസ്വാദകർ ആവേശത്തിന്റെ മൂർദ്ധന്യത്തിലായി.

17 പേരാണ് ഇടന്തലയിൽ ഉണ്ടായിരുന്നത്. ജയറാമിന്റെ വലത്തെ കൂട്ടായി മട്ടന്നൂർ ശ്രീകാന്ത്, ഇടത്തെ കൂട്ടായി മട്ടന്നൂർ ശ്രീരാജ്, ഇലത്താളത്തിൽ പാഞ്ഞാൽ വേലുക്കുട്ടി, കുഴലിൽ പനമണ്ണ മനോഹരൻ, കൊമ്പിൽ മച്ചാട് ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.

പവിഴമല്ലിത്തറ മേളത്തിന്റെ 12 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയും പങ്കെടുത്തു -- കുറുങ്കുഴൽ വായിച്ച അനാമിക ബി. നായർ.