ഡിജിറ്റൽ അടിമത്തം ; മനഃശാസ്ത്രജ്ഞരുടെ സഹായം തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

Wednesday 01 October 2025 2:54 AM IST

തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കാരണം മനഃശാസ്ത്രജ്ഞരുടെ സഹായം തേടുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉറക്കക്കുറവ്​,​ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവൈകല്യം,​​ അക്രമസ്വഭാവം എന്നിവയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ.

ഇത്തരം പ്രശ്നങ്ങൾ കാരണം ആഴ്ചയിൽ ഇരുപതിനും മുപ്പതിനുമിടയിൽ കുട്ടികൾ തിരുവനന്തപുരം,​ കോട്ടയം,​ കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ സൈക്യാട്രി ഒ.പിയിൽ ചികിത്സ തേടുന്നുണ്ട്. നാഷണൽ ഇക്കണോമിക് സർവേയിലും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൊവിഡിന് ശേഷമാണ് കുട്ടികളിലെ ഡിജിറ്റൽ അടിമത്തം വർദ്ധിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു.

അമിത സ്ക്രീൻ

ഉപയോഗം

 ജീവിതത്തിൽ സന്തോഷം ലഭിക്കാൻ സൗഹൃദങ്ങൾ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തിച്ചേരുന്നു. ഇത് അവരെ സമൂഹത്തിൽ നിന്നകറ്റുന്നു.

 രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം ഉറക്കക്കുറവ്, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയ്ക്കും അമിത ദേഷ്യം അടക്കമുള്ള വൈകാരിക പ്രശ്നങ്ങൾക്കും

കാരണമാകുന്നു

 ചടുലമായ ദൃശ്യങ്ങൾ നിരന്തരം കാണുന്നതിലൂടെ ശ്രദ്ധ കുറയുന്നു.

 ഇന്റർനെറ്റിലെ ഡാർക്ക് വെബ് പോലുള്ള പ്രതലങ്ങളുടെ ദുരുപയോഗം ലഹരി വസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും പ്ലേരകം. ഇത് ലഹരി അടിമത്തത്തിലേക്ക് നയിച്ചേക്കാം.

'രണ്ടു വയസ് വരെയുള്ള കുട്ടികളെ ഒരു തരത്തിലുമുള്ള ദൃശ്യമാദ്ധ്യമങ്ങളും കാണിക്കരുത്. രണ്ട് മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് പരമാവധി മണിക്കൂറും മൂന്ന് മുതൽ അഞ്ച് വരെ ഒരു മണിക്കൂറും,​ ആറ് മുതൽ 18 വരെ രണ്ട് മണിക്കൂറുമാണ് അനുവദനീയമായ സമയം.'

-ഡോ.അരുൺ ബി.നായർ

സൈക്യാട്രി വിഭാഗം

മെഡി. കോളേജ്