തൊട്ടാൽ പൊള്ളും, സർവകാല റെക്കാർഡിൽ സ്വർണം; വരും ദിവസങ്ങളിൽ വിലയിൽ വൻ മാറ്റം സംഭവിക്കും
കൊച്ചി: സർവകാല റെക്കാർഡിൽ സ്വർണവില. പവന് 87,000 രൂപയായി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 880 രൂപയാണ് കൂടിയത്. ഗ്രാമിന് 110 രൂപ കൂടി 10,875 രൂപയായി. ആഭരണമായി വാങ്ങുമ്പോൾ സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയിലധികം നൽകേണ്ടിവരും. ഈ പ്രവണത തുടർന്നാൽ വൈകാതെ തന്നെ ഇത് ഒരു ലക്ഷം കടന്നേക്കും. ഇന്നലെ രാവിലെ 1,040 രൂപ ഉയർന്ന പവൻ വില ഉച്ചയ്ക്ക് ശേഷം 640 രൂപ കുറഞ്ഞ് 86,120 രൂപയിലെത്തിയിരുന്നു.
ഗ്രാമിന്റെ വില ഇന്നലെ രാവിലെ 130 രൂപ ഉയർന്നെങ്കിലും പിന്നീട് 80 രൂപ താഴ്ന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 3,870 ഡോളർ വരെ ഉയർന്നതിന് ശേഷം 3,818 ഡോളറിലേക്ക് താഴ്ന്നു. വിലയിൽ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണ വില ഇനിയും മുകളിലേക്ക് നീങ്ങുമെന്നാണ് വ്യാപാരികളുടെ പ്രവചനം.
ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തിയിട്ടുണ്ട്. ഇതും വില വർദ്ധനവിന് കാരണമായി.