മത്തി വാങ്ങുന്നവരറിയാൻ, ജില്ലയിൽ വ്യാപകമായി നടക്കുന്നു; കടപ്പുറത്ത് പരിശോധനയിൽ കണ്ടെത്തിയത്

Wednesday 01 October 2025 11:54 AM IST

കണ്ണൂർ: ജില്ലയിൽ വളർച്ചയെത്താത്ത ചെറുമീനുകളെ പിടിച്ച് വിൽപന നടത്തുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിക്കര, തലശേരി കടപ്പുറത്തു നിന്നും ആയിരത്തിലധികം കിലോഗ്രാം ചെറുമത്തിയാണ് പിടികൂടിയത്. ഫിഷറീസ് വകുപ്പ് പൊലീസ് മറൈൻ എൻഫോഴ്സ്മെന്റ് സഹായത്തോടെയാണ് പരിശോധന നടത്തിയത്.

കടലിൽ നിന്ന് പത്ത് സെന്റീമീറ്ററിൽ കുറവ് വളർച്ചയുള്ള മത്സ്യങ്ങൾ പിടിക്കരുതെന്നാണ് നിയമം. ഇത് വിൽക്കുന്നതും ശിക്ഷാർഹമാണ്. ഈ വിഭാഗത്തിൽ പെട്ട 1000 കിലോ മത്സ്യമാണ് ഇന്നലെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിലുള്ള മീനുകളെ പിടികൂടുന്ന വള്ളങ്ങൾ അധികൃതർ പിടിച്ചെടുക്കുന്നുണ്ട്. പിടിച്ചെടുത്ത മത്സ്യങ്ങളെ അധികൃതർ കടലിൽ ഒഴുക്കി വിടുകയും പിഴ ഈടാക്കുകയുമാണ്. ഇന്നലെ മാത്രം 30 വള്ളങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയും നിയമനടപടികളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പും.

30 വള്ളങ്ങൾ ചെറുമീനുകളുമായി പിടിയിൽ

2.50ലക്ഷം പരമാവധി പിഴ

10 സെന്റീമീറ്ററിന് മുകളിൽ വളർന്ന മീനുകളെ പിടിക്കാൻ അനുമതി

പിഴ തീരുമാനിക്കുന്നത് ഹീയറിംഗിൽ

പിടിച്ചെടുത്ത മത്സ്യങ്ങൾ ഒഴുക്കിവിട്ട ശേഷം വിവരങ്ങൾ വച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഹിയറിംഗിലാണ് പിഴ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. രണ്ടര ലക്ഷം വരെ പിഴയീടാക്കാവുന്ന കുറ്റമാണിത്.

എതിർപ്പുമായി മത്സ്യത്തൊഴിലാളികൾ

കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ മത്സ്യം പിടിച്ചെടുത്തത് ഒരു വിഭാഗം മത്സ്യ തൊഴിലാളികളുടെ എതിർപ്പിന് കാരണമായിരുന്നു. ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനവും കപ്പലപകടവുമടക്കം കഴിഞ്ഞ് ദുരിതത്തിലായ തങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ഫിഷറീസ് നടപടിയെന്നാണ് ഇവരുടെ വാദം. നാളുകളായി തങ്ങൾ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളാണെന്നും ഇവർ പരാതിപ്പെടുന്നു. എന്നാൽ കടലിലെ മത്സ്യ വളർച്ചയേയും ഘടനയേയും ദോഷമായി ബാധിക്കുന്നതിനാലാണ് ചെറു മത്സ്യങ്ങളെ പിടിക്കുന്നത് വിലക്കുന്നത്. വിഷയം രൂക്ഷമായതോടെ ചെറു മത്സ്യങ്ങൾ പിടിച്ചാൽ മീൻവലയിടുന്ന ഇൻബോർഡ് വള്ളങ്ങൾക്കടക്കം പിഴ ചുമത്തുമെന്ന കർശന മുന്നറിയിപ്പും ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്.

പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങളെല്ലാം കടലിൽ ഒഴുക്കി വിടുകയാണ് ആദ്യ നടപടി. ഇതിന് ശേഷം നിയമാനുസൃതമായി പിഴയടക്കമുള്ള നടപടികൾക്ക് ശേഷമേ വള്ളങ്ങൾ ഉൾപ്പെടെ വിട്ടു നൽകു. ആർ. ജുഗ്നു -ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ