'ലോകകപ്പിന് പിന്നാലെ പാക് സർക്കാർ 25 ലക്ഷത്തിന്റെ ചെക്ക് തന്നു, ബാങ്കിലെത്തിയപ്പോൾ മടങ്ങി'; ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇന്ത്യ 2025ലെ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയതിനുപിന്നാലെ പാക് താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. മുൻ പാകിസ്ഥാൻ സ്‌പിന്നർ സയ്യീദ് അജ്‌മലിന്റെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വൈറലാവുന്നത്. 2009ൽ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ അന്നത്തെ പാക് ടീമിന് സർക്കാർ 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാലത് പിന്നീട് മടങ്ങിയെന്നുമാണ് താരം വെളിപ്പെടുത്തിയത്. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയാണ് ചെക്ക് നൽകിയത്. 2023ൽ യൂട്യൂബർ നാദിർ അലിക്ക് നൽകിയ അഭിമുഖത്തിലാണ് അജ്‌മൽ ഇക്കാര്യം പങ്കുവച്ചത്.
'ഞങ്ങൾക്ക് ചെക്കുകൾ ലഭിച്ചു, പക്ഷേ അവ മടങ്ങി. ഒരു സർക്കാർ ചെക്ക് മടങ്ങുമോയെന്നത് എന്നെ ഞെട്ടിച്ചു. പിസിബി ചെയർമാൻ വിഷയം കൈകാര്യം ചെയ്യുമെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. എന്നാൽ പണം പിസിബിയുടെ വാഗ്ദാനമല്ല, സർക്കാരിന്റെ വാഗ്ദാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒടുവിൽ, ഞങ്ങൾക്ക് ലഭിച്ചത് ഐസിസിയിൽ നിന്നുള്ള സമ്മാനത്തുക മാത്രമാണ്'- എന്നാണ് അഭിമുഖത്തിൽ അജ്‌മൽ പങ്കുവച്ചത്. '2012 ലും 2013 ലും ഐസിസി ടീം ഒഫ് ദി ഇയറിൽ എന്നെ ഉൾപ്പെടുത്തിയിരുന്നു, പക്ഷേ പ്രതിഫലമോ പണമോ ലഭിച്ചില്ല. ഐസിസി ഇതിന് പണം നൽകാറില്ല, പേര് പട്ടികയിൽ ഉൾപ്പെടുത്തുന്നത് മാത്രമാണ് ചെയ്യുന്നത്'- എന്നും അജ്‌മൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഏഷ്യാകപ്പിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സമ്മാനത്തുക താരതമ്യം ചെയ്താണ് ചർച്ചകൾ ഏറെയും. ഇന്ത്യൻ ടീമിന് 21 കോടിയുടെ സമ്മാനമാണ് ബിസിസിഐ പ്രഖ്യാപിച്ചത്.