സംസ്ഥാനത്ത് 1100 കോടിയുടെ ജിഎസ്‌ടി തട്ടിപ്പ്; ഖജനാവിന് നഷ്ടം 200 കോടി, സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Wednesday 01 October 2025 3:34 PM IST

തിരുവനന്തപുരം: വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നടന്നത് 1100 കോടി രൂപയുടെ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ജി.എസ്.ടി തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ നിന്ന്:

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷം ഒരു തട്ടിപ്പ് സംഘം മാത്രം 1100 കോടി രൂപയുടെ ഇടപാടുകളാണ് വ്യാജ പേരില്‍ നടത്തിയിരിക്കുന്നത്. ഈ സംഘം സാധാരണക്കാരുടെ പേരില്‍ അവര്‍ അറിയാതെയാണ് ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. ആരുടെ പേരിലും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാം. നിലവില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് നല്‍കാം. അത്തരത്തില്‍ സാധാരണക്കാരുടെ പേരില്‍ എടുക്കുന്ന ജി.എസ്.ടി രജിസ്‌ട്രേഷനില്‍ ഈ സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജി.എസ്.ടി, ഇന്‍കം ടാക്‌സ് ബാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് മുകളില്‍ വരും.

ഈ സംഭവത്തില്‍ മാത്രം 200 കോടി രൂപയാണ് സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടമുണ്ടായത്. ഇക്കാര്യം പൂണെയിലെ ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വ്യാജ രജിസ്‌ട്രേഷനുകളെല്ലാം റദ്ദാക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. 2025 ഫെബ്രുവരിയിലാണ് പൂണെയിലെ ഇന്റലിജന്‍സ് സംസ്ഥാന സര്‍ക്കാരിനെ തട്ടിപ്പിനെക്കുറിച്ച് അറിയിച്ചത്. തട്ടിപ്പിന് പിന്നില്‍ ഏത് സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് ജി.എസ്.ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല.

ഇരകളായ മനുഷ്യരെ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല. നഷ്ടപ്പെട്ട 200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. ഇതു കൂടാതെ ആയിരത്തിലധികം തെറ്റായ രജിസ്‌ട്രേഷനുകള്‍ വേറെയുമുണ്ട്. പലരീതിയിലാണ് സാധാരണക്കാരെ കബളിപ്പിക്കുന്നത്. കെ.എസ്.ഇ.ബിയുടെ കണ്‍സ്യൂമര്‍ നമ്പരും രജിസ്റ്റേര്‍ഡ് നമ്പരും ഉണ്ടെങ്കില്‍ രജിസട്രേഷന്‍ നടത്താം. തദ്ദേശ വകുപ്പിന്റെ സജ്ജയ പോര്‍ട്ടലില്‍ നിന്നും വസ്തു വിവരങ്ങള്‍ ശേഖരിച്ചും ജി.എസ്.ടി എടുക്കാം. ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്.

എറണാകുളത്ത് കരാര്‍ തൊഴിലാളിയായ ഒരാള്‍ മകള്‍ വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കാന്‍ ചെന്നപ്പോള്‍ അയാളുടെ പേരില്‍ 43 കോടിയുടെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ഒരാള്‍ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ കോട്ടയം എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ജി.എസ്.ടി ജോ. കമ്മിഷണറെയും ഇന്‍കം ടാക്‌സിനെയും ചിലര്‍ സമീപിച്ചിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. കോടതിയില്‍ പോകണമെന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് ഇരകളായ പാവങ്ങളോട് പറയുന്നത്. വലിയൊരു തട്ടിപ്പിന്റെ അറ്റം മാത്രമാണ് പൂനെ ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയത്.

ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് അപ്പുറത്തേക്കുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ പോകാത്തത് എന്തുകൊണ്ടാണ്? ഇരകളായി മാറിയ നിരപരാധികളെ വിവരം അറിയിക്കാനോ നിയമപരിരക്ഷ നല്‍കാനോ സര്‍ക്കാര്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? 200 കോടിയുടെ റവന്യൂ നഷ്ടമുണ്ടായിട്ടും അത് വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? ഇത്രയും വിവരം കിട്ടിയിട്ടും ജി.എസ്.ടി രജിസ്‌ട്രേഷനിലെയും ഡാറ്റ വെരിഫിക്കേഷനിലെയും കുറവുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം.

കൂടാതെ ഐ.ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് ഈ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. ഇരകളായി മാറിയവര്‍ക്ക് നിയമസംരക്ഷണം നല്‍കണം. തെറ്റ് കണ്ടിട്ടും ശ്രദ്ധിക്കാതിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ജി.എസ്.ടി ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പ്രധാന പദവികളില്‍ സി.പി.എം ബന്ധമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. കേരളത്തിലെ ജി.എസ്.ടി ഭരണസംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. വ്യാപകമായി നികുതി വെട്ടിപ്പ് നടക്കുകയാണ്.

ഖജനാവിന് കോടിക്കണക്കിന് പണം നഷ്ടമാകുന്ന ഇടപാടുകളാണ് നടക്കുന്നത്. ടാക്‌സ് തട്ടിപ്പ് മാത്രമല്ല ഡാറ്റ മോഷണം കൂടിയാണ് നടന്നിരിക്കുന്നത്. ആരുടെ പേരിലും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാവുന്ന അവസ്ഥയാണ്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ എന്തിനാണ് ഇത് മറച്ചുവച്ചത്. ജി.എസ്.ടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് തട്ടിപ്പ് മൂടിവയ്ക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നത്. തട്ടിപ്പ് നടത്തുമ്പോള്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതെ നോക്കിയിരിക്കുകയാണ്. ആരെല്ലാമാണ് തട്ടിപ്പിന് കൂട്ടുനില്‍കുന്നതെന്ന് കണ്ടെത്തണം.