മലപ്പുറം ജില്ല വിഭജനം; വിഷയം ചർച്ച ചെയ്തിട്ടില്ല, ആവശ്യം തള്ളി മുസ്ലീം ലീഗ്

Wednesday 01 October 2025 3:54 PM IST

കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം തള്ളി മുസ്ലീം ലീഗ്. തിരൂർ എംഎൽഎയും മുസ്ളീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്‌തീനാണ് ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ മുസ്ലീം ലീഗ് ചർച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. കുറുക്കോളി മൊയ്‌തീൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം മലപ്പുറത്ത് ചേർന്ന ജില്ലാ റവന്യൂ അസംബ്ളിയിലാണ് മലപ്പുറം വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്ന് മൊയ്‌തീൻ ആവശ്യപ്പെട്ടത്. താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്. ജനസംഖ്യാനുപാതികമായി വികസനം സാദ്ധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നും മൊയ്‌തീൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആവശ്യം തള്ളിയിരിക്കുകയാണ് മുസ്ളീം ലീഗ്.