സ്വർണപ്പാളി ബംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചെന്ന് വിജിലൻസ്; ഉണ്ണികൃഷ്‌ണൻ പോറ്റിയെ ചോദ്യം ചെയ്യും

Wednesday 01 October 2025 4:24 PM IST

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളി ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയത് ബംഗളൂരുവിലേക്കെന്ന് വിജിലൻസ് കണ്ടെത്തൽ. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വർണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരനായിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റി.

2019ലായിരുന്നു സംഭവം. ശ്രീകോവിലിന്റെ വാതിൽ എന്ന പേരിലുള്ള വസ്‌തു എത്തിച്ചെന്ന് ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രം അധികൃതർ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ക്ഷേത്രത്തിൽ പൂജ നടത്തുകയും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തു. ഇത് സംബന്ധിച്ച വിവരം വിജിലൻസിനും ലഭിച്ചു. വ്യവസായി ആയ രമേഷ് എന്നയാൾക്കൊപ്പം ചേർന്നാണ് ഉണ്ണികൃഷ്‌ണൻ പോറ്റി സ്വർണപ്പാളി എത്തിച്ചത്. പൂജകൾ നടത്തിയ ശേഷം പാക്ക് ചെയ്‌ത് കൊണ്ടുപോയെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ 2004ൽ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയതാണെന്നും ക്ഷേത്രം അധികൃതർ വെളിപ്പെടുത്തി.

യഥാർത്ഥ സ്വർണപ്പാളി മാറ്റി മറ്റൊരു പാളിയാണോ ഉണ്ണികൃഷ്‌ണൻ പോറ്റി തിരികെ കൊണ്ടുവെന്നതെന്ന് വിജിലൻസ് അന്വേഷിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ബംഗളൂരുവിലുള്ള സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് വ്യക്തമാക്കി.