നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു, വെള്ളാപ്പള്ളിയെ പുകഴ്ത്തി ഗവർണർ

Wednesday 01 October 2025 7:36 PM IST

തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി വി.എൻ. വാസവനും. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടന വേദിയിലാണ് ഇരുവരെ വെളളാപ്പള്ളിയെ പ്രശംസിച്ചത്. നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു. അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടത്. വെള്ളാപ്പള്ളിയിൽ മികച്ച നേതൃപാടവം കാണാൻ കഴിയുംയ ഒരു വലിയ സമൂഹത്തെയാണ് അദ്ദേഹം നയിക്കുന്നത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്ന് ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.

പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കുത്തഴിഞ്ഞ് കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പുസ്തകമാക്കി മാറ്റി. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ചീത്തവാക്കുകൾ പറഞ്ഞ സ്ഥലമായ വർക്കലയിൽ നിന്ന് നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.. എസ്.എൻ.ഡി.പി യോഗത്തിലേക്ക് എത്തിയത് ട്രാക്കി തെറ്റിയാണ്. വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ തന്ന പ്രേരണയാണ് പ്രസ്ഥാനത്തെ ചേർത്തു പിടിക്കാൻ കാരണം.. ഞാൻ ജാതി പറയുന്നവർ എന്ന പറഞ്ഞ് മറ്റെല്ലാവരും ആക്ഷേപിക്കാറുണ്ട്. ജാതിവ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. രാഷ്ട്രീയ മോഹമില്ലെന്നും അധികാരത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.