'അറിവ് നേടുകയെന്നതാണ് ഏറ്റവും പ്രധാനം, അതിന്റെ തുടക്കമാണ് കുറിക്കുന്നത്'; കുട്ടികളെ എഴുത്തിനിരുത്തി പ്രതിപക്ഷ നേതാവ്
കൊച്ചി: വിജയദശമി ദിനത്തിൽ കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിൽ അദ്ദേഹത്തിന്റെ വീട്ടിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കോഴിക്കോട് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ മകനടക്കമുള്ള കുട്ടികളെക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിപ്പിച്ചത്.
'വർഷങ്ങളായി ചെയ്യാറുണ്ട്. കുട്ടികൾ വരാറുണ്ട്. അവർക്ക് അറിവിന്റെ ആദ്യാക്ഷരം പഠിച്ചുതുടങ്ങേണ്ട സമയമാണ്. വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുന്ന ലോകത്താണ് കുട്ടികൾ ജീവിക്കുന്നത്. അറിവ് നേടുകയെന്നതാണ് ഏറ്റവും പ്രധാനം. ആ അറിവ് നേടാനുള്ള തുടക്കമാണ് കുറിക്കുന്നത്. സരസ്വതീ പൂജ നടത്തി, സരസ്വതി കടാക്ഷത്തോടെ, കുട്ടികൾക്ക് അറിവുണ്ടാകാൻ, നാവിൽ നല്ലതുവരാൻ, നല്ലതുപറയാൻ, നല്ല ചിന്തയുണ്ടാവാനുള്ളയൊക്കെ ശ്രമത്തിന്റെ തുടക്കമാണ്. ജീവിതത്തിന്റെ ആരംഭമാണ്. കുട്ടികളെ അനുഗ്രഹിച്ച്, അവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഇത് ചെയ്യുമ്പോൾ സന്തോഷമാണ്. എനിക്ക് കുട്ടികളെ ഒരുപാട് ഇഷ്ടമാണ്.'-പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, വിജയദശമി ദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്കാണ്. ഇന്ന് പുലർച്ചെ മുതൽ തന്നെ തിരക്ക് തുടങ്ങി.നിരവധി പേരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്.