ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
മസ്‌കറ്റ്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ടുപേർ മരിച്ചു. യുറാനസ് സ്റ്റാർ എന്ന ബ്രാൻഡിന്റെ വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം. ഒമാനി പൗരനും ഒരു പ്രവാസി സ്‌ത്രീയുമാണ് മരിച്ചത്.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്‌ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് കണ്ടെത്തി. ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ ദോഷകരമായ വസ്‌തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. വിഷബാധയ്‌ക്ക് കാരണമായ ബ്രാൻഡ് പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി ഒമാൻ സർക്കാർ നിരോധിച്ചു.
സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ മറ്റ് വസ്‌തുക്കളോ വിപണിയിലുണ്ടെന്ന് സംശയം തോന്നിയാൽ ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അധികാരികൾ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.